അപകടത്തിൽ ബാലഭാസ്‌കറിന്റെ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. അദ്ദേഹത്തെ നട്ടെല്ലിനും തലച്ചോറിനും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. രണ്ട് ശസ്ത്രക്രിയകളും വിജയമായിരുന്നെങ്കിലും രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം കാരണം സ്ഥിതി ഗുരുതരമായി തുടർന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ശസ്ത്രക്രിയയുടെ പിറ്റേദിവസം ബാലഭാസ്കറിന്റെ ഒരു കണ്ണ് കുറച്ചുസമയം തുറന്നിരുന്നു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുമുണ്ടായിരുന്നു. രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങളാണ് ആശങ്കയ്ക്ക് വകനൽകിയത്. അതിൽ മാറ്റമുണ്ടായാൽ ബാലഭാസ്കർ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ ഡോക്ടർമാർക്കുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടാവുകയും ബാലഭാസ്കർ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.