ബാര്‍‌ ലൈസന്‍സ്: എക്സൈസ് മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നെന്ന് വി‌എസ്

വെള്ളി, 18 ഏപ്രില്‍ 2014 (10:34 IST)
PRO
PRO
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതിലെ അഴിമതി മറച്ചുവയ്ക്കാന്‍ എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 418 ബാര്‍ ഹോട്ടലുകളുടെ ലിസ്റ്റ് തയാറാക്കിയതെന്ന എക്‌സൈസ് മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കാലങ്ങളായി ബാര്‍ ലൈസന്‍സ് ലഭിച്ചിരുന്ന ഹോട്ടലുകള്‍ക്ക് അത് പുതുക്കിനല്‍കുക മാത്രമാണ് എല്‍ഡിഎഫ്. സര്‍ക്കാര്‍ ചെയ്തത്.

ടൂറിസം വകുപ്പ് അംഗീകരിച്ച ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്നാണ് വകുപ്പുമന്ത്രി പറയുന്നത്. എന്നാല്‍, ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ലിസ്റ്റില്‍പ്പെടാത്ത കുറച്ച് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ടൂറിസം വകുപ്പിനെ മറികടന്ന് എക്‌സൈസ് വകുപ്പ് പരിശോധന നടത്തി ഇങ്ങനെ ചില ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയെന്നാണ് താന്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും തയാറുണ്ടോയെന്നും വി‌എസ് ചോദിച്ചു.

വെബ്ദുനിയ വായിക്കുക