സംസ്ഥാനത്ത് ബസ് ചാര്‍ജു കുറയ്ക്കുന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാറ്റ്പാക്കിനോട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി മാത്യു ടി തോമസ് അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ ബസ് ചാര്‍ജ് കുറയ്ക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു.
ഇന്ധനവില കുറച്ചതിനെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസിക്ക് പ്രതിമാസം നാലുകോടി ലാഭം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ ഗുണം യാത്രക്കാര്‍ക്ക് ഉടന്‍ ലഭ്യമാക്കും. തിരുവനന്തപുരം-കൊച്ചി റൂട്ടില്‍ 100 എസി ലോ ഫ്ലോര്‍ ബസുകള്‍ ഓടിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ഇന്ധനവില കുറച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് കുറയ്‌ക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ഇടതു മുന്നണി യോഗം ഗതാഗത മന്ത്രി മാത്യു ടി തോമസിനെ ചുമതലപ്പെടുത്തിയിരുന്നു.
ഓട്ടോ ടാക്‌സി കൂലിയും അനുബന്ധമായി കുറച്ചേക്കും എന്നാണ് സൂചനകള്‍. കുറഞ്ഞ ചാര്‍ജ്ജ് എത്രയായിരിക്കണം, കിലോമീറ്ററിന് എത്ര പൈസ കുറയ്‌ക്കണം എന്നുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്‌ത ശേഷമായിരിക്കും ചാര്‍ജ്ജ് കുറയ്‌ക്കുക.
അതേസമയം, ചാര്‍ജ് കുറയ്‌ക്കാന്‍ അനുവദിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.