ബജറ്റ്: കൊച്ചി മെട്രോയ്ക്ക് 20 കോടി

വെള്ളി, 20 ഫെബ്രുവരി 2009 (11:27 IST)
കൊച്ചിയിലെ നിര്‍ദിഷ്ട മെട്രോ റയില്‍ പദ്ധതിയ്ക്കാവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനായി 20 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. വിഴിഞ്ഞം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 25 കോടി അനുവദിക്കും.

മേല്‍പ്പാലങ്ങളുടെ പൂര്‍ത്തീകരണത്തിനായി 20 കോടി നല്‍കും. ടൂറിസം മേഖലയില്‍ നികുതിയിളവുകള്‍ അനുവദിക്കും. ടൂറിസം മേഖലയിലെ റോഡ് വികസനത്തിന് 50 കോടി അനുവദിക്കും.

തിരുവനന്തപുരത്തെ കായിക ഗ്രാമത്തിന് 50 ലക്ഷം രൂപയും ദേശീയ ഗെയിംസ് നടത്തിപ്പിനായി 20 കോടി രൂപയും അനുവദിക്കും. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. വഖഫ് ബോര്‍ഡിന് 50 ലക്ഷം അനുവദിക്കും. കുടുംബശ്രീ പദ്ധതിക്ക് 30 കോടി രൂപ നല്‍കും.

കുടുംബശ്രീ വായ്പാ പലിശ നിരക്ക് 12 ശതമാനമായി കുറച്ചു. ചെക് പോസ്റ്റ് അഴിമതി തെളിയിക്കുന്നവര്‍ക്ക് 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പാരിതോഷികം നല്‍കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തും.

അണക്കെട്ടുകളിലൂടെ മണല്‍ നീക്കം ചെയ്ത് ലേലം ചെയ്യും. മലമ്പുഴ അണക്കെട്ടിലാണ് ഇത് ആദ്യം നടപ്പാക്കുക. ഭവന നിര്‍മാണ പദ്ധതിക്ക് 15 കോടി രൂപ നല്‍കും.

വെബ്ദുനിയ വായിക്കുക