ഫോണ്‍ ചോര്‍ത്തല്‍ വിവാദം: ഐജിക്കെതിരെ നടപടിയുണ്ടാകും

ഞായര്‍, 7 ജൂലൈ 2013 (14:08 IST)
PRO
PRO
ഫോണ്‍ രേഖ ചോര്‍ത്തല്‍ വിവാദത്തില്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഐജിക്കെതിരെ നടപടി ഉണ്ടായേക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ രേഖകള്‍ ചോര്‍ത്തി നല്‍കിയത് ഐജിയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഐജി നല്‍കിയ വിശദീകരണത്തില്‍ അന്വേഷണസംഘം തൃപ്തരല്ല. അന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്.

ഫോണ്‍ രേഖകള്‍ ശേഖരിക്കാന്‍ തനിക്ക് അധികാരമുണ്ട്, എന്നാല്‍ ആര്‍ക്കും ചോര്‍ത്തി കൊടുത്തില്ലെന്നാണ് എസ്ഇആര്‍ബി ഐജി: ടി ജെ ജോസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്റലിജന്‍സ് എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇത് വിശ്വസിക്കുന്നില്ല. സൈബര്‍ സ്റ്റേഷനില്‍ നടത്തിയ വിശദമായ അന്വേഷണത്തിലും തെളിവെടുപ്പിലും ഉന്നത ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ വിവരങ്ങള്‍ ചോരില്ലെന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല ഇത്രയേറെ വിവാദമായ കേസില്‍ ഉന്നതരുള്‍പ്പെട്ട് ഫോണ്‍രേഖ എന്തിന് വേണ്ട് ഐജി ശേഖരിച്ചു എന്നുള്ളതും ദുരൂഹമാണ്.

ഇതിനു് ഐജി അന്വേഷണ സംഘത്തിന് മുമ്പാകെ കൃത്യമായ വിശദീകരണം നല്‍കിയിട്ടുമില്ല. അതായത് എസ് ഇആര്‍ബി ഐജി രേഖകള്‍ ചോര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് കൈമാറി, അതുവഴി മാധ്യമങ്ങളിലൂടെ ചോര്‍ന്നു എന്ന നിഗമനത്തിലേക്ക് തന്നെയാണ് അന്വേഷണ സംഘം പോകുന്നത്. ഇതിനിടെ ഇത്തരമൊരു അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങളും സജീവമാണ്.

കാര്യങ്ങള്‍ അന്വേഷണ സംഘം കഴിഞ്ഞദിവസം ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെയും ധരിപ്പിച്ചു. ഫോണ്‍രേഖകള്‍ ചോര്‍ന്നതില്‍ മുഖ്യമന്ത്രിക്കും കടുത്ത അതൃപ്തിയാണുള്ളത്. ഇതേ ചൊല്ലി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഭിന്നതയും ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക