പ്രവാസികള്‍ക്ക് സഹായകമായ നിലപാട് സ്വീകരിക്കുമെന്ന് സൌദിയുടെ ഉറപ്പ്

ശനി, 30 മാര്‍ച്ച് 2013 (09:17 IST)
PRO
PRO
സൌദിയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇന്ത്യ സൌദി സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രവാസികളോട് അനുഭാവപൂര്‍ണവും സഹായകവുമായ നിലപാട് സ്വീകരിക്കുമെന്ന് സൌദി അറിയിച്ചതായി വിദേശകാര്യസഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു. സൌദി വിദേശകാര്യസഹമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലയുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഇ അഹമ്മദ് ഇക്കാര്യം അറിയിച്ചത്.

തജിക്കിസ്ഥാനില്‍ ഏഷ്യ വികസന ചര്‍ച്ചകള്‍ക്കെത്തിയപ്പോഴാണ് ഇന്ത്യയുടെ ആശങ്ക സൌദി വിദേശകാര്യസഹമന്ത്രിയെ അറിയിച്ചത്. വിഷയം ഗൌരവമേറിയതാണെന്നും ഇ അഹമ്മദ് അഭിപ്രായപ്പെട്ടു.

സൌദിയുമായി വളരെയടുത്ത സ്നേഹബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. സൌദിയില്‍ നിയമലംഘനം നടത്തുന്ന വിദേശ തൊഴിലാളികളെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് അധികാരം നല്‍കിയിട്ടുണ്ട്. സ്വദേശി തൊഴിലാളികളെ നിയമിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും നീക്കം തുടങ്ങി. ഇങ്ങനെ റദ്ദാക്കുകയാണെങ്കില്‍ രണ്ട് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്കായിരിക്കും ലൈസന്‍സ് നഷ്ടപ്പെടുക.

തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പൊലീസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. സൌദി പൊലീസും സംഘടനകളും പരിശോധന കര്‍ശനമാക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെത്തുടര്‍ന്ന് വലിയൊരു ശതമാനം മലയാളി പ്രവാസികളുള്‍പ്പടെയുള്ള ഫ്രീ വിസക്കാര്‍ താമസസ്ഥലങ്ങളിലും മറ്റുള്ള സ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയാണ്.

വെബ്ദുനിയ വായിക്കുക