പ്രണയം നടിച്ച് പെൺകു‌ട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

തിങ്കള്‍, 8 മെയ് 2017 (15:51 IST)
പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നു യുവാക്കളെ പോലീസ് പിടികൂടി. പനവേലി അമ്പലക്കര ഇരുകുന്നം പ്രമോദ് ഭവനിൽ പ്രദീപ് കുമാർ (23), രഞ്ജിത്ത്  വിലാസത്തിൽ  രഞ്ജിത്ത് (35), ഇഞ്ചവിള ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് കുമാർ (24) എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ വലയിലായത്.
 
വെട്ടിക്കവല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെയാണ് ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. മൊബൈൽ ഫോൺ വഴി പ്രദീപ് കുമാർ യുവതിയുമായി ബന്ധപ്പെടുകയും തുടർന്ന് വ്യാജ പ്രേമം നടിച്ച് യുവതിയെ കഴിഞ്ഞ അഞ്ചാം തീയതി രാത്രി കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. 
 
യുവതിയെയും കൊണ്ട് പുനലൂരിലും പരിസരത്തും കറങ്ങിയ ശേഷം സദാനന്ദപുരം നിരപ്പിൽ ഭാഗത്തെ വിജന സ്ഥലത്തെത്തി. പ്രദീപ് അറിയിച്ചതനുസരിച്ച് ഇയാളുടെ സുഹൃത്തുക്കളായ ശ്രീജിത്തും രഞ്ജിത്തും ഇവിടെ എത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ രക്ഷപ്പെട്ടോടിയ യുവതി സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയും ഇവരുടെ അറിയിപ്പിനെ തുടർന്ന് കൊട്ടാരക്കര പോലീസ് എത്തി യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 
 
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും പോലീസ് അറസ്റ് ചെയ്തത്. പിടിയിലായ ഇവരെ കോടതി റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക