പൊലീസ് സദാചാര ഗുണ്ടകളായി; ദമ്പതികള്‍ക്കെതിരേ പൊതുശല്യത്തിന് കേസ്

വ്യാഴം, 18 ഏപ്രില്‍ 2013 (14:55 IST)
PRO
PRO
പൊലീസിന്റെ സദാചാര ഗുണ്ടായിസം ദമ്പതികള്‍ക്ക് വിനയായി. ദമ്പതികളായ രാജേഷ്- രശ്മി എന്നിവര്‍ക്കെതിരേ ബീച്ചില്‍ സംസാരിച്ചിരുന്നതിന് പൊലീസ് പൊതുശല്യത്തിന് വീണ്ടും കേസെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആലപ്പുഴയിലെ ബീച്ചിന്‌ സമീപം സംസാരിച്ചിരുന്നതിനാണ് രാജേഷ്- രശ്മി ദമ്പതികള്‍ക്കെതിരെ സദാചാര കുറ്റം ചുമത്തി പൊലീസ്‌ കേസെടുത്തത്‌. വിവാഹം കഴിച്ചുവെന്നതിന്‌ തെളിവ്‌ ഹാജരാക്കാന്‍ സാധിക്കാത്തതിനാലാണ്‌ കേസെടുത്തതെന്നാ‍ണ്‌ പൊലീസ്‌ പറയുന്നത്‌.

രശ്മിയുടെ കഴുത്തില്‍ താലിമാലയും നെറ്റിയില്‍ സിന്ദൂരക്കുറിയും ഇല്ലായിരുന്നു‍. ഇതിനാല്‍ ഇവരെ പൊലീസ്‌ സംശയിക്കുകയും രാജേഷിനെയും രശ്മിയെയും പൊലീസ്‌ സ്റ്റേഷനിലേയ്ക്ക്‌ കൊണ്ടു‍പോവുകയും ചെയ്തിരുന്നു‍. തങ്ങള്‍ നിയമപരമായി വിവാഹം ചെയ്തവരാണെന്നും ഇത്‌ നാട്ടുകാരോടും വീട്ടുകാരോടും അന്വേഷിച്ചാല്‍ അറിയാവുന്നതാണെന്നു പറഞ്ഞിട്ടും വിശ്വസിക്കാതെ തെറിയഭിഷേകമാണ്‌ പോലീസ്‌ നടത്തിയത്‌.

സംഭവം വിവാദമായതോടെ പൊതു പ്രവര്‍ത്തകര്‍ ഇടപ്പെട്ടാണ്‌ ഇവരെ സ്റ്റേഷനില്‍ നിന്ന്‌ മോചിപ്പിച്ചത്‌. അന്ന്‌ കേസൊന്നും എടുക്കില്ലെന്ന് ഉറപ്പ്‌ നല്‍കിയ പൊലീസ് ഇപ്പോള്‍ കാലുമാറി പൊതുശല്യത്തിന്‌ കേസെടുത്തിരിക്കുകയാണ്‌.

വെബ്ദുനിയ വായിക്കുക