പേരാമ്പ്രയില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ മറ്റുള്ളവര്‍ കുട്ടികളെ ചേര്‍ക്കുന്നില്ല; ഞെട്ടിക്കുന്ന വിവരം പുറത്ത്

ചൊവ്വ, 6 ജൂണ്‍ 2017 (11:33 IST)
ജാതീയത ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നതിന് ഏറ്റവും വലിയ തെളിവാണ് പേരാമ്പ്ര ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഉണ്ടായിരിക്കുന്നത്. ദളിത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതിനാല്‍ മറ്റു സമുദായത്തിലെ ആള്‍ക്കാര്‍ കുട്ടികളെ ഈ സ്‌കൂളില്‍ ചേര്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
 
ആകെ16 കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ സ്‌കൂളിന്റെ സമീപത്ത് താമസിക്കുന്നവര്‍ പോലും ഈ സ്‌കൂളിനെ മറികടന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളെ അയയ്ക്കുന്നതെന്നും പരസ്യമായ അയിത്തം പ്രകടിപ്പിക്കുന്നതായും പറയുന്നുണ്ട്. കുട്ടികള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇവിടെ കുട്ടികളെ ചേര്‍ക്കാന്‍ മതാപിതാക്കള്‍ തയ്യാറാകുന്നില്ല. 
 
ഇതിനെതിരെ കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തി  ബോധവല്‍ക്കരണം നടത്തിയിട്ടും നാട്ടുകാര്‍ ഈ സ്‌കുളില്‍ കുട്ടികളെ ചേര്‍ക്കുന്നില്ല. സ്ഥലം മാറി വന്ന നാല് അദ്ധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

വെബ്ദുനിയ വായിക്കുക