പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രിയില്‍ ആളും ആരവവുമൊഴിഞ്ഞു; ജിഷയുടെ അമ്മയ്‌ക്ക് ഭക്ഷണം നല്‍കുന്നതുപോലും ആശുപത്രി ജീവനക്കാര്‍
ഞായര്‍, 22 മെയ് 2016 (13:47 IST)
കേരള മനസാക്ഷിയെ ഞെട്ടിച്ച ജിഷ കൊലപാതകം നടന്നിട്ട് 24 ദിവസം. കേസില്‍ ഇതുവരേയും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് വട്ടം കറങ്ങുന്നു. പ്രാഥമിക തെളിവെടുപ്പില്‍ പൊലീസിനുണ്ടായ വീഴ്ചയാണ് രാജ്യത്തെ ഒന്നാകെ നടുക്കിയ ഒരു കൊലപാതക കേസില്‍ അന്വേഷണം വഴിമുട്ടുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. അതേസമയം മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം കേസ് അന്വേഷണം ഏറെക്കുറെ അവസാനിപ്പിച്ച മട്ടാണ്. പുതിയ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതോടെ ഇക്കാര്യത്തില്‍ മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് ജിഷയുടെ കുടുംബവും നാട്ടുകാരും കേരളവും.
തെരഞ്ഞെടുപ്പിന്റെ തലേദിവസം മുതല്‍ പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രിയിലെ ആളും ആരവവുമെല്ലാം ഒഴിഞ്ഞു. ചികില്‍സയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിക്ക് ഒരു നേരത്തേ ആഹാരത്തിനു പോലും വഴിയില്ല. രാജേശ്വരിയെ ചികില്‍സിക്കുന്ന ഡോക്‌ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമാണ് ഇവര്‍ക്കുള്ള ഭക്ഷണം വാങ്ങി നല്‍കുന്നത്. ജിഷയ്‌ക്കുവേണ്ടി കലക്‌ടര്‍ തുടങ്ങിയ അക്കൗണ്ടില്‍ ലക്ഷക്കണക്കിനു രൂപ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരില്‍നിന്ന് സംഭാവന ലഭിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പത്ത് ലക്ഷം രൂപയുടെ ധനസഹായവും വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ഈ തുകയെന്നും ഇവര്‍ക്കു ലഭിച്ചില്ല.
ജോലിയില്ലാത്തപ്പോള്‍ വെള്ളിയാഴ്‌ച ദിവസങ്ങളില്‍ മുസ്ലിം പള്ളികള്‍ക്കു മുമ്പില്‍ ചെന്നിരുന്നു തലമൂടി ഭിക്ഷ എടുത്താണു ജിഷയെ വളര്‍ത്തിയതെന്നു രാജേശ്വരി പറഞ്ഞതായി ഇവരെ ചികിത്സിക്കുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍ സിജോ കുഞ്ഞച്ചന്‍ പറഞ്ഞു. കൂടാതെ പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളില്‍ പ്രസവശുശ്രൂഷ നടത്തിയും ഇവര്‍ അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നുയെന്നും പറഞ്ഞു
തെരഞ്ഞെടുപ്പിനു മുന്നണികള്‍ ആയുധമാക്കിയത് ജിഷ കൊലക്കേസ് ആയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം രാജേശ്വരിയെ പോളിങ്ങ് ബൂത്തിലെത്തിക്കാന്‍ പോലും ഒരു പാര്‍ട്ടിയും സന്നദ്ധമായില്ലെന്നും ആക്ഷേപമുണ്ട്.
അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ പൊലീസ് പരാതി പരിഹാരസെല്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് നിശിതമായി വിമര്‍ശിച്ചിരുന്നു. ശാസ്ത്രീയമായ അന്വേഷണമല്ല കേസില്‍ പൊലീസ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.