യുവതിയെ നിരന്തരം ശല്യം ചെയ്യുന്ന പൂവാലനെ വനിതാ പൊലീസ് പ്രണയം നടിച്ച് കുരുക്കില്‍ വീഴ്ത്തി. ബുധനാഴ്ച ഉച്ചയ്ക്കാണ് പകല്‍ക്കുറി കുറ്റിക്കാട്ട് ഗുരുകൃപയില്‍ പ്രസാദ് (37) പൊലീസിന്റെ വലയില്‍ അകപ്പെട്ടത്.
കഴിഞ്ഞ ദിവസം ഇയാള്‍ ചാത്തന്നൂരില്‍വച്ച് ഒരു യുവതിക്ക് തന്റെ ഫോണ്‍ നമ്പര്‍ കടലാസില്‍ എഴുതിനല്‍കിയിരുന്നു. ഇഷ്ടമാണെങ്കില്‍ വിളിക്കണം, വിളിക്കാതിരിക്കരുത് എന്നും അതില്‍ എഴുതിയിരുന്നു.
എന്നാല്‍ യുവതി വിളിക്കാത്തതിനെ തുടര്‍ന്ന് പിന്നീടുള്ള ദിവസങ്ങളില്‍ ഇയാള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യാന്‍ തുടങ്ങി. യുവതി വിവരം വീട്ടുകാരെ അറിയിച്ചതിനേത്തുടര്‍ന്ന് വീട്ടുകാര്‍ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്കി.
തുടര്‍ന്ന് എസ് ഐയുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റേഷനിലെ ഒരു വനിതാപൊലീസ് ഇയാളുടെ ഫോണിലേക്ക് കാമുകിയെന്ന മട്ടില്‍ വിളിയ്ക്കുകയായിരുന്നു. വനിതാ പൊലീസിന്റെ കിളിമൊഴിയില്‍ ആകൃഷ്ടനായി യുവാവ് വീണു. തുടര്‍ന്ന് ഇയാള്‍ ഫോണ്കാമുകിയെ കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. ചാത്തന്നൂര്‍ ജംഗ്ഷനിലെ ബേക്കറിയില്‍ കണ്ട് മുട്ടാം എന്ന് വനിതാപൊലീസ് യുവാവിനെ അറിയിച്ചു.
ബുധനാഴ്ച ഉച്ചയോടെ തന്നെ ഫോണില്‍ വിളിക്കുന്ന പ്രിയപ്പെട്ട കാമുകിയെ കാണാന്‍ യുവാവ് ബേക്കറി പരിസരത്ത് എത്തിയിരുന്നു. വൈകാതെ കാമുകിയായി വിളിച്ച വനിതാപൊലീസും ഇയാളുടെ അരികിലെത്തി. കാമുകിയെ അടുത്ത് കണ്ടപ്പോളാണ് യുവാവിന് താന്‍ പൊലീസിന്റെ വലയിലായെന്ന് ബോധ്യമായത്. തുടര്‍ന്ന് മഫ്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ വിവാഹിതനാണെന്ന് പൊലീസ് അറിയിച്ചു.