പുറ്റിങ്ങൽ‌ വെടിക്കെട്ട് ദുരന്തം: കളക്ടറുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ്

വെള്ളി, 22 ഏപ്രില്‍ 2016 (12:49 IST)
പുറ്റിങ്ങൽ‌ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിനെതിരെ വിമര്‍ശനവുമായി റവന്യൂമന്ത്രി അടൂർ പ്രകാശ്. വിഷയത്തില്‍ ജില്ലാ കളക്ടർ എ ഷൈനാമോളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. കളക്ടറെ ക്രൂശിക്കാൻ അനുവദിക്കില്ല. ക്യാമറയുടെ തകരാർ കൃത്യസമയത്ത് കെൽട്രോണിനെ അറിയിച്ചിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ദൃശ്യങ്ങൾ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ ഇല്ലെന്ന് വ്യക്തമായത്. സിസിടിവി പ്രവർത്തനരഹിതമായതിനാലാണ് ദൃശ്യങ്ങൾ പതിയാതിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
 
വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾ എട്ടിനും ഒൻപതിനും കളക്ടറേറ്റിൽ എത്തിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇത് മനസ്സിലാക്കുന്നതിനാണ് ഹാർഡ് ഡിസ്ക് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തത്.
 
ദുരന്തവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരുകയാണ് ആഭ്യന്തരവകുപ്പും റവന്യൂ വകുപ്പും. നേരത്തെ പൊലീസിന്റെ വീഴ്ച മൂലമാണ് ദുരന്തമുണ്ടായതെന്ന് കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കുന്നതിന് ആഭ്യന്തരസെക്രട്ടറി ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ കളക്ടർക്ക് വീഴ്ചപറ്റിയെന്ന തരത്തിലായിരുന്നു ഡി ജി പി ടി പി സെൻകുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇതോടെ ഇരു വകുപ്പുകളും തമ്മിലുള്ള തര്‍ക്കം പരസ്യമായ ഏറ്റുമുട്ടലിലേക്കെത്തുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക