പീഡനക്കേസില്‍ പാപ്പാനെ പൊക്കി; ആന മദിച്ചു!

വെള്ളി, 21 ജനുവരി 2011 (10:37 IST)
PRO
ശ്രീവല്ലഭദാസ്‌ എന്ന ആനയുടെ പാപ്പാന്‍ കവിയൂര്‍ ആഞ്ഞിലിത്താനം കോലത്തുമല കോളനിയില്‍ ബിജു (34) അറസ്റ്റിലായത് ആനയെ കൊല്ലം ശക്‌തികുളങ്ങര ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിന് കൊണ്ടുവന്ന സമയത്ത്. മകളെ മാനഭംഗപ്പെടുത്തിയ കുറ്റത്തിനാണ് പാപ്പാന്‍ അകത്തായത്. പാപ്പാനെ പൊലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോയതോടെ ആനയുടെ സ്വഭാവം മാറി. ഇടഞ്ഞോടിയ ആന നാട്ടില്‍ പരിഭ്രാന്തി പരത്തി.

കീഴ്‌വായ്‌പൂരുകാരിയായ പതിനഞ്ചുകാരിയുടെ രണ്ടാനച്ഛനാണ്‌ ബിജു. രണ്ടാനച്ഛനായ ബിജു മാത്രമല്ല പതിനഞ്ചുകാരിയെ പീഡിപ്പിച്ചിരുന്നത്. പതിനഞ്ചുകാരിക്കൊരു കാമുകനും ഉണ്ടായിരുന്നു. ഇയാളും പെണ്‍‌കുട്ടിയെ പീഡിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍‌കുട്ടിയുടെ കൂട്ടുകാരിയെക്കൂടി കാമുകന്‍ പീഡിപ്പിച്ചതോടെ കൂട്ടുകാരിക്കൊപ്പം പതിനഞ്ചുകാരി നാടുവിട്ടു. സംശയാസ്‌പദമായി മങ്കൊമ്പില്‍ കണ്ടെത്തിയ കുട്ടികളെ ചോദ്യംചെയ്‌തപ്പോഴാണ്‌ പീഡനകഥ പുറത്തായത്‌.

ഭര്‍ത്താവ് മകളെ പീഡിപ്പിച്ചിരുന്നു എന്നറിഞ്ഞ മാതാവ് കീഴ്‌വായ്‌പൂര്‍ പൊലീസിന് പരാതി നല്‍‌കി. പതിനഞ്ചുകാരിയുടെ കാമുകന് എതിരെയും പരാതി നല്‍‌കിയിരുന്നു. കാമുകനെ പൊലീസ് അകത്താക്കി. എന്നാല്‍ മുങ്ങിനടന്നിരുന്ന ബിജുവിനെ ബുധനാഴ്ച രാത്രിയാണ് പൊലീസിന് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞത്.

ബിജുവിനെ പൊലീസ് കൊണ്ടുപോകുമ്പോള്‍ ശ്രീവല്ലഭദാസ്‌ ക്ഷേത്രത്തിനരുകില്‍ തളയ്ക്കാത്ത നിലയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിട്ടും പാപ്പാനെ കാണാതായപ്പൊള്‍ ശ്രീവല്ലഭദാസ്‌ ഇടഞ്ഞു. പോലീസ്‌ മറ്റു പല പാപ്പാന്മാരെയും കൊണ്ടുവന്നെങ്കിലും ആന ശാന്തനായില്ല. ആളുകള്‍ സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുന്തോറും ആന കൂടുതല്‍ ക്ഷോഭിച്ചു.

അവസാനം ഇടഞ്ഞ കൊമ്പന്‍ ഓടാന്‍ തുടങ്ങി. ക്ഷേത്രത്തിന് സമീപം മലയാളം നഗറിലെ റോയ്‌ ആന്‍സിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ഷെഡ്‌ തകര്‍ത്തുകൊണ്ടാണ് ആന കോപം കാട്ടാന്‍ തുടങ്ങിയത്. ഷെഡ്‌ മേഞ്ഞിരുന്ന ഷീറ്റ്‌ തട്ടി മസ്‌തകം മുറിയുകയും ചെയ്‌തു. വീണ്ടും ഓടിയ ആന കൊങ്കിശേരി ബാബുവിന്റെ വീടിന്റെ മതില്‍ തകര്‍ത്തു. രണ്ടു തെങ്ങുകള്‍ കടപുഴക്കി.

പോലീസ്‌ അറിയിച്ചതനുസരിച്ച്‌ ദയ സ്‌ക്വാഡിലെ ഡോ. ജേക്കബ്‌ എത്തി മയക്കുവെടി വച്ചു. ഉച്ചകഴിഞ്ഞ്‌ മൂന്നുമണിയോടെ മയങ്ങിയ ആനയെ ഡോ. ജേക്കബിന്റെ നേതൃത്വത്തില്‍ തളച്ചു. മല്ലപ്പള്ളി സി.ഐ. ഉള്‍പ്പെട്ട സംഘമാണ്‌ ബിജുവിനെ അറസ്‌റ്റ് ചെയ്‌തത്‌. ആനയെ തളയ്‌ക്കാതെ പാപ്പാനെ കസ്‌റ്റഡിയിലെടുക്കരുതെന്ന നാട്ടുകാരുടെയും ക്ഷേത്രം ഭാരവാഹികളുടെയും അഭ്യര്‍ത്ഥന പോലീസ്‌ മാനിച്ചില്ലെന്ന്‌ ആക്ഷേപമുണ്ട്‌. തിരുവല്ല മതില്‍ഭാഗം സ്വദേശി ശ്രീകുമാര്‍ നമ്പൂതിരിയുടേതാണ്‌ ശ്രീവല്ലഭന്‍ എന്ന ആന. ബിജുവിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

വെബ്ദുനിയ വായിക്കുക