പാറമട അപകടം; അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ബുധന്‍, 24 ജൂലൈ 2013 (09:28 IST)
PRO
PRO
എറണാകുളം പെരുമ്പാവൂരിലെ വെങ്ങോലയില്‍ പാറമടയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അപകടം നടന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

പാറമടയുടെ കരാറുകാരനായ സന്തോഷ്, തൊഴിലാളികളായ വിജയന്‍, മോഹനന്‍, റോമ എന്നിവരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. രാത്രി വൈകിയും രക്ഷാ പ്രവര്ത്തനനം നടത്തിയെങ്കിലും വെളിച്ചം കുറവായത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ഇന്നലെ രാവിലെ 9 മണിയോടെയാണ് വെങ്ങോലയില്‍ പ്രവര്‍ത്തിക്കുന്ന രാജാസ് ഗ്രാനൈറ്റ്സില്‍ അപകടമുണ്ടായത്.

തൊഴിലാളികള്‍ കല്ലുകയറ്റാന്‍ വാഹനവുമായി പാറമടയില്‍ എത്തി പണി തുടങ്ങിയപ്പോഴാണ് മുകളില്‍ നിന്ന് പാറക്കല്ല് പതിച്ചത്. കരിങ്കല്ലുകള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച എസ്‌കവേറ്ററിന്റെ മുകളിലാണ് പാറക്കല്ല് വീണത്. വാഹനത്തിലിരുന്ന ഡ്രൈവര്‍ മണീട് സ്വദേശി രാജു (42) തെറിച്ചുവീണു.

കല്ലുകള്‍ക്കിടയില്‍ ഇരുകാലുകളും കുടുങ്ങിപ്പോയ രാജുവിനെ തൊട്ടടുത്ത ക്രഷറില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിച്ചു. മറ്റൊരു തൊഴിലാളി ഒഡീഷ സ്വദേശി ഷീബു (25) വിനെ കല്ലുകള്‍ തെറിച്ചുവീണ് പരിക്കേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വെങ്ങോല ഇലവുംകുടി രാജന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് രാജാ ഗ്രാനൈറ്റ്‌സ് എന്ന ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത്. ക്വാറി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്നും റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക