മൂന്നാറിലെ സിപിഐ ഓഫീസ് പൊളിക്കാന്‍ ആരെങ്കിലും എത്തിയാല്‍ വരുന്നവരുടെ കൈവെട്ടിമാറ്റും എന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മായില്‍. എന്ത് സംഭവിച്ചാലും മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആണയിടുന്നതിനിടയിലാണ് ഇസ്മായിലിന്റെ പ്രസ്താവന വന്നിരിക്കുന്നത്. മണ്ണാര്‍ക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ഇസ്മായില്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
അറുപത് വര്‍ഷം മുമ്പ് വിലകൊടുത്ത് വാങ്ങിയതാണ് പാര്‍ട്ടി ഓഫീസ് ഇപ്പോള്‍ നില്‍ക്കുന്ന ഭൂമി. ഇപ്പോഴും അത് കൈയ്യേറ്റമാണെന്ന് പറയുന്നവര്‍ക്ക് ബുദ്ധിക്ക് തകരാര്‍ ഉണ്ട്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അടക്കം പലരും ഈ ഓഫിസില്‍ അന്തിയുറങ്ങിയിട്ടുണ്ടെന്ന് ഓര്‍മിക്കണമെന്നും ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാറിലെ അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതികളുമായി മുഖ്യമന്ത്രി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിന് ഇടയില്‍ എല്‍ഡിഎഫിലെ തന്നെ ഘടകകക്ഷിയായ സിപിഐ പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നത് മൂന്നാര്‍ കുടിയൊഴിപ്പിക്കലിനെ പുതിയ മാനങ്ങളില്‍ എത്തിക്കുകയാണ്.
മൂന്നാര്‍ കയ്യേറ്റം വീണ്ടും വിവാദമായ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ നിര്‍ദേശിക്കാനായി ആറംഗ എല്‍ഡിഎഫ് സംഘം തിങ്കളാഴ്ച മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെ. ഇ. ഇസ്മായില്‍, ഫ്രാന്‍സിസ് ജോര്‍ജ്, പ്രഫസര്‍ ഡി ശശിധരന്‍, മാത്യു ടി തോമസ്, എന്‍.വി പ്രദീപ് കുമാര്‍ എന്നിവരാണ് മൂന്നാറില്‍ എത്തിയിരിക്കുന്നത്
പാര്‍ട്ടിയോടും മുന്നണിയോടും ആലോചിക്കാതെ മുഖ്യമന്ത്രി സ്വയം നടപടികളുമായി മുന്നോട്ടു പോയതാണു മുന്‍ മൂന്നാര്‍ ദൗത്യത്തില്‍ സംഭവിച്ച വീഴ്ചയെന്ന് ഇടതു മുന്നണി യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘത്തെ അയയ്ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.