പാഠപുസ്തക വിതരണം ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും

തിങ്കള്‍, 30 മെയ് 2016 (17:35 IST)
സ്കൂള്‍ തുറക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഇത്തവണയും പാഠപുസ്തക വിതരണം വൈകുമെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ തവണത്തേപ്പോലെ മാസങ്ങളോളം വൈകാനുള്ള സാധ്യത ഇത്തവണയില്ല. പുസ്തക വിതരണം ജൂണ്‍ പകുതിയോടെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിയുടെ വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നു. 
 
പാഠപുസ്തകത്തിന്റെ ആദ്യ വിതരണം മാര്‍ച്ച് ആദ്യവാരം ആരംഭിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ വിതരണം പൂര്‍ത്തിയാക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ മെയ് മാസം തീരാറായിട്ടും എല്ലാ ക്ലാസ്സിലേയും പാഠപുസ്തകം ആവശ്യത്തിന് എത്തിയിട്ടില്ല. ഒന്നാം ക്ലാസ്സില്‍ വേണ്ട അഞ്ചോളം പുസ്തകങ്ങളില്‍ ഒരെണ്ണം മാത്രമാണ് ലഭിച്ചത്. രണ്ടാം ക്ലാസ്സിലെ ഏഴ് പാഠപുസ്തകങ്ങളില്‍ ലഭിച്ചത് രണ്ടെണ്ണം മാത്രം. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ നിരവധി പാഠപുസ്തകങ്ങളും ഇനിയും എത്താനുണ്ട്. ഒന്ന് മൂതല്‍ പത്തുവരെ ക്ലാസ്സുകളില്‍ നൂറ്റിപ്പത്തോളം ഇനം പാഠപുസ്തകങ്ങള്‍ ലഭിക്കേണ്ടതാണ്.
 
പാഠപുസ്തകം സൗജന്യമായി വിതരണം ആരംഭിച്ച സമയത്ത് ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോ മുഖേനയാണ് ലഭ്യമാക്കിയിരുന്നത്. അന്ന് പാഠപുസ്തക വിതരണം സുഗമമായി നടന്നിരുന്നു. അതേ സംവിധാനം ഏര്‍പ്പെടുത്തുകയും സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന കൈകാര്യച്ചെലവ് നല്‍കുകയും ചെയ്യണമെന്ന ആവശ്യം ചെവിക്കൊള്ളാന്‍ അധികൃതര്‍ ഇന്നേവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തക വിതരണത്തില്‍ വന്‍‌വീഴ്ചയായിരുന്നു സംഭവിച്ചത്. 2014ല്‍ വളരെ വൈകിയായിരുന്നു സ്കൂളുകളില്‍ പാഠപുസ്തകം എത്തിയത്. കഴിഞ്ഞ വര്‍ഷം പാഠപുസ്തകം ലഭിക്കാത്തതിനേത്തുടര്‍ന്ന് ഓണപ്പരീക്ഷ ഓണത്തിന് ശേഷമാണ് നടത്തിയത്. സ്കൂളുകളിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോയ ലോറിയില്‍ നിന്ന് പുസ്തകങ്ങള്‍ വഴിയരികില്‍  വീണത് വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.
 
കഴിഞ്ഞ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുല്‍ റബ്ബിന്റെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയായിരുന്നു വിഷയത്തില്‍ ഉണ്ടായത്. ആദ്യ വര്‍ഷം പാഠപുസ്തകം വൈകിയിട്ടും അടുത്ത വര്‍ഷം ഇതിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് പുസ്തകം എത്തിക്കാനുള്ള യാതൊരുവിധ നടപടിയും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അതിന് പകരം രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വേണ്ടി ചില പ്രസ്താവനകള്‍ നടത്തുക മാത്രമാണ് മന്ത്രി ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്ന വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍.
 
അതേസമയം, വരും വര്‍ഷങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കുറ്റമറ്റരീതിയില്‍ പുസ്തകവിതരണം നടത്താനുള്ള നടപടികള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് പറയുന്നു. അച്ചടി വേഗത്തിലാക്കുന്നതിനേക്കാള്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന കൈകാര്യച്ചെലവ് നല്‍കി വിതരണച്ചുമതല ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോയ്ക്ക് നല്‍കുന്നടക്കമുള്ള തീരുമാനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത്നിന്ന് ഉണ്ടാകേണ്ടത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക