പറയാനുള്ളതെല്ലാം വൈകിട്ട് പറയാം: മുഖ്യമന്ത്രി

വ്യാഴം, 9 ജൂലൈ 2009 (15:01 IST)
തനിക്ക് പറയാനുള്ളതെല്ലാം ഇന്ന് വൈകിട്ട് ആലപ്പുഴ മുനിസിപ്പല്‍ മൈതാനത്ത് നടക്കുന്ന കെ ആര്‍ ഗൌരിയമ്മയുടെ നവതി ആഘോഷ ഉദ്ഘാടന ചടങ്ങില്‍വെച്ച് പറയുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കെ ആര്‍ ഗൌരിയമ്മയുടെ നവതി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുളള ചോദ്യങ്ങള്‍ക്കാണ് ഇങ്ങനെ മറുപടി പറഞ്ഞത്.

തനിക്കു പറയാനുള്ളതെല്ലാം ഇന്ന് വൈകുന്നേരം മുനിസിപ്പല്‍ മൈതാനത്ത് പറയും. പിന്നീട്, നിങ്ങള്‍ക്കൊന്നും കുത്തി കുത്തി ചോദിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗൌരിയമ്മയെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയതിനു ശേഷം ആദ്യമായാണ് വി എസ് അവരുടെ ഭവനത്തിലെത്തുന്നത്. ഗൌരിയമ്മയുടെ നേരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്ന സമയത്ത് എന്തു സംഭവിച്ചാലും പാര്‍ട്ടി വിട്ട്‌ പുറത്ത്‌ പോകരുതെന്ന്‌ അഭ്യര്‍ത്ഥിക്കുന്നതിന്‌ വേണ്ടിയായിരുന്നു ഇതിനു മുമ്പ് ഭാര്യ വസുമതിക്കൊപ്പം ഗൌരിയമ്മയുടെ വീട്ടില്‍ വി എസ് എത്തിയത്.

കാലങ്ങള്‍ക്കു ശേഷം എത്തിയതിന്‍റെ സൌഹൃദത്തണലില്‍ വി എസും, ഗൌരിയമ്മയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. ചെമ്മീന്‍ കറി വിളമ്പിയപ്പോള്‍ വളരെക്കാലമായി താന്‍ സസ്യാഹാരം മാത്രമേ കഴിക്കാറുള്ളു എന്ന് വി എസ് പറഞ്ഞു നോക്കിയെങ്കിലും ഗൌരിയമ്മയുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന് ഒടുവില്‍ വി എസ് വഴങ്ങി. വി എസ് വരുമെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് പ്രത്യേകം ചെമ്മീന്‍ കറിയുണ്ടാക്കിയതെന്നും അതിനാല്‍ നിര്‍ബന്ധമായും കഴിക്കണമെന്നും ഗൌരിയമ്മ പറഞ്ഞു.

വെബ്ദുനിയ വായിക്കുക