പനി പടരുന്നു: സംസ്ഥാനത്ത് 10 മരണം കൂടി

തിങ്കള്‍, 28 ജൂണ്‍ 2010 (09:48 IST)
സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്നു. പനി ബാധിച്ച് കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്ത്. ഇതില്‍ ഒരു യുവതി മരിച്ചത് എച്ച് 1 എന്‍ 1 പനി ബാധയെ തുടര്‍ന്നായിരുന്നു. തിരുവനന്തപുരം കൊടുങ്ങാനൂര്‍ പന്തുകളം വിളയില്‍ വീട്ടില്‍ വിദ്യ(27)യാണ്‌ എച്ച്‌1 എന്‍1 ബാധിച്ചു മരിച്ചത്‌.

തിരുവനന്തപുരം മലയിന്‍കീഴ്‌ കുന്നുംപാറ വസന്തവിലാസത്തില്‍ രാജയ്യന്‍റെ മകന്‍ പ്രവീണ്‍ (23), കാരക്കോണം പണ്ടാരത്തില്‍ മേക്കെ പുത്തന്‍വീട്ടില്‍ വേലായുധന്‍റെ ഭാര്യ സരസ്വതി അമ്മാള്‍ (75), പാലക്കാട്‌ ആലത്തൂര്‍ തോണിപ്പാടം തോടുകാട്‌ ചാലുംപുള്ളി വേലായുധന്‍റെ മകന്‍ അരവിന്ദാക്ഷന്‍ (35), മലപ്പുറം താനൂര്‍ കാട്ടിലങ്ങാടി കിഴക്കുവീട്ടില്‍ ശ്രീധരന്‍ (64), കൊല്ലം പത്തനാപുരം ചാച്ചിപ്പുന്ന തെങ്ങുവിള വീട്ടില്‍ ഇസ്മായില്‍ റാവുത്തറുടെ ഭാര്യ ബീവി ഉമ്മാള്‍ (60), എറണാകുളം ജില്ലയില്‍
തുറവൂര്‍ ചിരപ്പറമ്പില്‍ പൗലോസ്‌ (55), എറണാകുളം കുട്ടമ്പുഴ പിണവൂര്‍കുടി ആനന്ദന്‍കുടി പാറയില്‍ ശിവന്റെ ഭാര്യ ശോഭന (35), ചെറായി ദേവസ്വം പറമ്പില്‍ വിനയ (52), കോട്ടയം ജില്ലയില്‍ കുറവിലങ്ങാട്‌ ഊ‍തുണിക്കാലായില്‍ ചാക്കോ (ബാബു മാമ്പറ-46) എന്നിവരാണ് പനി ബാധിച്ച് മരിച്ച മറ്റുള്ളവര്‍.

അതേസമയം സംസ്ഥാനത്ത് ഇന്നലെ മാത്രം 46 എച്ച് 1 എന്‍ 1 കേസുകള്‍ സ്ഥിരീകരിച്ചു. കോട്ടയത്ത്‌ മൂന്നു പേര്‍ക്ക്‌ ഡെങ്കിപ്പനിയും വയനാട്ടില്‍ ഒരാള്‍ക്ക്‌ എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത്‌ ഇന്നലെ 10,248 പേര്‍ കൂടി പനി ബാധിച്ച്‌ ചികില്‍സ തേടി. എറണാകുളം (1774 ), തൃശൂര്‍ (1369), കോഴിക്കോട്‌ (1126) ജില്ലകളിലാണ്‌ ഏറ്റവും കൂടുതല്‍ പനി ബാധിതര്‍.

വെബ്ദുനിയ വായിക്കുക