പത്രങ്ങളില്‍ പരസ്യം ചെയ്ത് കബളിപ്പിക്കലിന് സിനിമാ നിര്‍മ്മാതാവിനെതിരെ കേസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (16:21 IST)
PRO
സിനിമാ നിര്‍മ്മാതാവിനും ഭാര്യയ്ക്കുമെതിരെ കബളിപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പത്രങ്ങളില്‍ പരസ്യം ചെയ്ത് പുതുമുഖത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി എന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് സിനിമാ നിര്‍മ്മാതാവിനെതിരെ വഞ്ചനാ കുറ്റത്തിനു കസബ പൊലീസിന്‍റെ കേസ്.
സിംപിള്‍ പിച്ചേഴ്സ് പ്രൊഡക്ഷന്‍സ് ഉടമ ചങ്ങനാശേരി പറക്കവെട്ടില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ എന്ന സിംപിള്‍ ബഷീര്‍, അദ്ദേഹത്തിന്‍റെ ഭാര്യ മുംതാസ് എന്നിവര്‍ക്കെതിരെ മലപ്പുറം കോട്ടൂര്‍ താന്നിക്കല്‍ സ്വദേശി കോലോത്തൊടി സുരേഷ് ബാബുവാണു പരാതി നല്‍കിയിരിക്കുന്നത്.
2013 ജനുവരി ആദ്യം പ്രമുഖ മലയാള ദിനപ്പത്രങ്ങളില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്നു കാണിച്ചു പരസ്യം നല്‍കി നിരവധി പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട് മഹാറാണിയില്‍ നടന്ന ഇന്‍റര്‍വ്യൂവില്‍ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തതായും കൊച്ചി വൈറ്റിലയിലെ സരോവരം ഹോട്ടലില്‍ സിനിമാ പൂജയ്ക്ക് എത്തുന്നതിനും അറിയിച്ചിരുന്നു.
സിനിമയുടെ പൂജാ വേളയില്‍ കേന്ദ്രമന്ത്രി കെവി തോമസ്, സിബി മലയില്‍, കസ്തൂരി രാജ, ബൈജു കൊട്ടാരക്കര എന്നിവരും ഉണ്ടായിരുന്നതായി സുരേഷ് ബാബു പറഞ്ഞു. എന്നാല്‍ നാളിതുവരെ സിനിമാ നിര്‍മ്മാണം തുടങ്ങുകയോ തന്‍റെ പണം തിരികെ നല്‍കുകയോ ചെയ്തിട്ടില്ലെന്നതിനാല്‍ കേസ് നല്‍കേണ്ടി വന്നതായും സുരേഷ് ബാബു പറയുന്നു.