പത്തുവര്‍ഷം പഴക്കമുളള ബസുകള്‍ റോഡില്‍ നിന്നും പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍: കെഎസ്ആര്‍ടിസിക്കും നിര്‍ദേശം ബാധകം

വ്യാഴം, 23 ജൂണ്‍ 2016 (11:00 IST)
പത്തുവര്‍ഷം പഴക്കമുളള ബസുകള്‍ റോഡില്‍ നിന്നും പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ജിഒ(എംഎസ്)നമ്പര്‍45/2015/നമ്പര്‍ ഉത്തരവ് പ്രകാരമാണ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളുടെ കാലപ്പഴക്കം പത്തുവര്‍ഷമാക്കി നിജപ്പെടുത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. 
 
കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ളവയെ ബാധിക്കുന്ന ഈ ഉത്തരവ് ഈ മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനായുള്ള നടപടി സ്വീകരിക്കണമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 
 
നിരത്തില്‍ നിന്നും പത്തുവര്‍ഷം പഴക്കമുളള ബസുകള്‍ പിന്‍വലിച്ച് പുതിയത് നിരത്തിലിറക്കണമെന്നാണ് ഉത്തരവ് പറയുന്നത്. കെഎസ്ആര്‍ടിസി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് സംഘടനകള്‍, സ്റ്റേജ് കാര്യേജ് സെക്ഷനുകള്‍ എന്നിവരോടും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
കേരളത്തിലെ ആറുനഗരങ്ങളില്‍ പത്തുവര്‍ഷം പഴക്കമുളള 2000സിസിക്കുമേല്‍ ശേഷിയുളള ഡീസല്‍വാഹനങ്ങള്‍ നിരത്തില്‍ നിന്നും ഒരുമാസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് ഹരിതട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. ഈ വിധിക്കെതിരെ അപ്പീല്‍ പോകാനിരിക്കെയാണ് ബസുടമകളെ പ്രതിസന്ധിയിലാക്കുന്ന പുതിയ ഉത്തരവ് സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയിരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക