അറുപത്തൊന്നാമത് നെഹ്രുട്രോഫി ജലമേളയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ശ്രീഗണേശ് ചാമ്പ്യന്‍മാരായി. ജവഹര്‍ തായങ്കരിയെ ഒന്നോ രണ്ടോ തുഴപ്പാടകലെ പിന്തള്ളിയാണ് ആവേശകരമായ പോരട്ടത്തിനൊടുവില്‍ ശ്രീഗണേശ് ചുണ്ടന്‍ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ കൈയൊപ്പോടുകൂടിയ വെള്ളിക്കപ്പില്‍ മുത്തമിട്ടു. ഹരിപ്പാട് സെന്‍റ് ഫ്രാന്‍സിസ് ബോട്ട് ക്ലബിലെ തുഴക്കാരാണ് ശ്രീഗണേശിനെ വിജയത്തിലേക്ക് നയിച്ചത്.
നാല് ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്. ശ്രീഗണേശ്, ജവഹര്‍ തായങ്കരി, ആനാരി പുത്തന്‍ചുണ്ടന്‍, ഇല്ലിക്കുളം ചുണ്ടന്‍ എന്നിവയായിരുന്നു ഫൈനലിലെ വള്ളങ്ങള്‍. ശ്രീഗണേശ് മത്സരത്തിന്‍റെ തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്നു. ജവഹര്‍ തായങ്കരിയും ആനാരിയും ഇഞ്ചോടിഞ്ച് മത്സരിച്ചു. എന്നാല്‍ ഇല്ലിക്കുളം ചുണ്ടന്‍ ആദ്യം മുതല്‍ തന്നെ പിന്നിലായിരുന്നു.
ഇത്തവണ മത്സരിച്ച കളിവള്ളങ്ങളെല്ലാം കൃത്യമായ പരിശീലനവും തയ്യാറെടുപ്പുകളും നടത്തിയാണ് എത്തിയതെന്നതും ശ്രദ്ധേയമായി. കുമരകം ടൌണ്‍ ബോട്ട് ക്ലബാണ് ജവഹര്‍ തായങ്കരിയെ രണ്ടാം സ്ഥാനത്തേക്ക് നയിച്ചത്.
കേരളത്തിലെ ജലമേളകളില്‍ ഏറ്റവും പ്രശസ്തം നെഹ്രുട്രോഫി വള്ളംകളിയാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്രുട്രോഫി ജലമേള നടക്കുന്നത്.
നെഹ്രു ട്രോഫിയില്‍ 2007 വരെ കോട്ടയം ജില്ലയില്‍ നിന്നുള്ള കുമരകത്തെ വിവിധ ടീമുകളും 2008ലും 2009ലും കൊല്ലം ജീസസ് ബോട്ട് ക്ലുബും വിജയിച്ചു. 2010ല്‍ കുമരകത്തിന്‍റെ ടൌണ്‍ എത്തി കുത്തക തിരിച്ചു പിടിച്ചു. 2011ല്‍ കൊല്ലത്തു നിന്നുള്ള ദേവാസ് ജയിച്ചതായി പ്രഖ്യാപിച്ചെങ്കിലും നിയമപോരാട്ടത്തിനൊടുവില്‍ ജയം കൈനകരിയില്‍ നിന്നുള്ള ഫ്രീഡം ബോട്ട് ക്ലുബിന്‍റെ കാരിച്ചാലിനായി. ആ മത്സരഫലം ഇപ്പോഴും നീയമ കുരുക്കില്‍പ്പെട്ടു കിടക്കുകയാണ്. അറുപതാമത് നെഹ്രു ട്രോഫി കിരീടം ശ്രീഗണേശ് ചുണ്ടനായിരുന്നു. അന്ന് കൈനകരി ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീഗണേശ് വള്ളം ആനാരി പുത്തന്‍ചുണ്ടനെ പിന്തള്ളിയാണ് ട്രോഫി സ്വന്തമാക്കിയത്.