നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്തത് ആരെന്ന് കണ്ടെത്താന്‍ കഴിയാതെ വിജിലന്‍സ്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ ടി ശങ്കരന്റേതടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും പ്രതി ആരെന്ന് ഇതുവരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കുന്ന വേളയിലാണ് തനിക്ക് കോഴ വാഗ്ദാനമുണ്ടായെന്നും ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറുന്നതായും ജസ്റ്റിസ് കെ ടി ശങ്കരന്‍ തുറന്ന കോടതിയില്‍ അറിയിച്ചത്. തന്റെ ഒരു സുഹൃത്ത് മുഖേനയാണ് കോഴ വാഗ്ദാനത്തെ കുറിച്ച് താന്‍ അറിയുന്നതെന്നായിരുന്നു കെ ടി ശങ്കരന്‍റെ മൊഴി.
അതേസമയം, കോഴ വാഗ്ദാനം ചെയ്ത വ്യക്തിയെ തനിക്ക് പരിചയമില്ലെന്ന് സുഹൃത്തും മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് സ്വമേധയാ കേസെടുത്തത്. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് വിജിലന്‍സ്.