നീതികിട്ടിയില്ല: മാലാഖമാര്‍ 20 മുതല്‍ വീണ്ടും സമരത്തില്‍
ശനി, 12 മെയ് 2012 (12:18 IST)
PRO
PRO
തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ മെയ് 20മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. മെട്രോപൊളിറ്റന്‍ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ പതിനായിരത്തിലധികം നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരം കൂടുതല്‍ ശക്‌തമാക്കാനും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു.
മിനിമം വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ട് മെട്രോപൊളിറ്റന്‍ ആശുപത്രിയിലെ നഴ്സുമാര്‍ സമരം തുടങ്ങിയിട്ട് 45 ദിവസം പിന്നിട്ടു. പലതവണ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച വിളിച്ചെങ്കിലും മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്‌തമാക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്.
സമരത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികളെ സംഘടിപ്പിച്ചുകൊണ്ട് ആശുപത്രിയുടെ മുമ്പില്‍ പ്രതിഷേധയോഗം നടത്തി. വരും ദിവസങ്ങളില്‍ മാനേജ്മെന്റ് ഡയറക്ടര്‍മാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
അതേസമയം. സമരം വ്യാപിപ്പിച്ചാല്‍ നഴ്സുമാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ ശക്‌തമായ സമരവുമായി മുന്നോട്ടുപോകാനാണ് അസോസിയേഷന്റ തീരുമാനം.