നിസാം കാറിടിച്ചു പരിക്കേല്‍പ്പിച്ച ചന്ദ്രബോസ് മരിച്ചു; നിസാമിനെതിരെ കൊലക്കുറ്റത്തിന് കേസ്

തിങ്കള്‍, 16 ഫെബ്രുവരി 2015 (14:07 IST)
വിവാദവ്യവസായി നിസാം കാറിടിച്ചു പരിക്കേല്‍പ്പിച്ച തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരിച്ചു. ചന്ദ്രബോസിന്റെ ആരോഗ്യനില കഴിഞ്ഞദിവസം കൂടുതല്‍ വഷളായിരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ഞായറാഴ്ച തകരാറുണ്ടായിരുന്നു.
 
കഴിഞ്ഞമാസം 29ന് ആയിരുന്നു ചന്ദ്രബോസിനെ അതിക്രൂരമായ രീതിയില്‍ നിസാം ആക്രമിച്ചത്. ഗേറ്റ് തുറക്കാന്‍ വൈകിയതിന് കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് അടിക്കുകയും ചവിട്ടുകയും ചെയ്തിരുന്നു. സംഭവം നടന്നതിനുശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ഗുരുതരാവസ്ഥയില്‍ തന്നെ ആയിരുന്നു ചന്ദ്രബോസ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചന്ദ്രബോസിനെ സന്ദര്‍ശിച്ചിരുന്നു. ചന്ദ്രബോസിന്റെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. 
 
സംഭവത്തെ തുടര്‍ന്ന് പൊലീസ് നിസാമിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 
 
ഇതുവരെ നാലു ശസ്ത്രക്രിയകള്‍ക്കാണ് ചന്ദ്രബോസിനെ വിധേയനാക്കിയത്. പലവിധത്തിലുള്ള മര്‍ദ്ദനത്തിന്റെ ഫലമായി വന്‍കുടലിലും ചെറുകുടലിലും പലയിടത്തായി രക്തം കട്ടപിടിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക