നടിക്കെതിരായ പരാമര്‍ശം: പി സി ജോര്‍ജിനെതിരെ കേസെടുക്കും; പ്രസ്താവനകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍

ശനി, 12 ഓഗസ്റ്റ് 2017 (09:59 IST)
കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിന് പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്റെ നിര്‍ദ്ദേശം. പി.സി.ജോർജിന്റെ മൊഴിയെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സ്പീക്കർക്ക് കത്തുനൽകും. വാര്‍ത്താസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചകളിലുമെല്ലാം പി.സി ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. 
 
ഈ സാഹചര്യത്തിലാണ് ഡയറക്ടര്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. പിസി നടത്തിയ ചില പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് വനിതാകമ്മീഷന് പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയതിനെ തുടര്‍ന്നാണ് വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്.
 
നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഡനമാണ് ആ നടി നേരിട്ടതെങ്കില്‍ പിന്നെ എങ്ങനെയാണ് അടുത്ത ദിവസം അവര്‍ അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ്  ചോദിച്ചത്. ദിലീപ് നിരപരാധിയാണെന്ന് നിരവധി തവണ പറഞ്ഞ പി.സി, ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും ആരോപിച്ചിരുന്നു. ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്നും ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക