ദേശീയ യൂത്ത് അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന്റെ അനുമോള്‍ തമ്പിക്ക് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം

വ്യാഴം, 26 മെയ് 2016 (11:23 IST)
പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡോടെ കേരളത്തിന് ആദ്യസ്വര്‍ണം. വനിതകളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പിയാണ് ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് തിളക്കത്തോടെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയാണ് അനുമോള്‍. 
 
കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തിലും ദേശീയ റെക്കോര്‍ഡോടെ അനുമോള്‍ സ്വര്‍ണം നേടിയിരുന്നു. 2014-ലെ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളിമെഡലും ദോഹയില്‍ നടന്ന യൂത്ത് ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
 
ആദ്യമായാണ് ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാല സിന്തറ്റിക്ക് സ്റ്റേഡിയത്തിലാണ് ഇത്തവണ മീറ്റ് നടക്കുന്നത്. മലപ്പുറം ജില്ല അത്‌ലറ്റിക്ക് അസോസിയേഷന്‍ പ്രത്യേക താല്‍പര്യമെടുത്താണ് പതിമൂന്നാമത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കേരളത്തിന്റെ മണ്ണിലെത്തിച്ചത്. കേരളമാണ് നിലവിലത്തെ ചാമ്പ്യന്‍ന്മാര്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക