ദേശീയപാതയ്ക്ക് നല്‍കുന്ന സ്ഥലത്തിന് വിപണിവില ലഭിക്കും
ബുധന്‍, 4 ഡിസംബര്‍ 2013 (17:05 IST)
ദേശീയ പാതയ്ക്കായി വിട്ടുനല്‍കുന്ന സ്ഥലത്തിന് വിപണി വില ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനം എടുത്തുകഴിഞ്ഞു. പൊതു പദ്ധതികള്‍ക്കായി സ്ഥലം വിട്ടു നല്‍കുന്ന ജനങ്ങള്‍ വലിയ ത്യാഗമാണ് ചെയ്യുന്നത്. അതു കൊണ്ട് തന്നെ ജനങ്ങളെ പൂര്‍ണ്ണ വിശ്വാസത്തിലെടുത്ത് അവരെക്കൂടി വികസന പ്രക്രിയയില്‍ പങ്കാളികളാക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം എന്ന് അദ്ദേഹം പറഞ്ഞു.
വിപണിവില ജനങ്ങള്‍ക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടും അതിനെതിരെ പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമല്ല. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട്, പദ്ധതി ബാധിത പ്രദേശത്തുള്ളവരുമായി ചര്‍ച്ച നടത്തുകയും, അവരുടെ പ്രശ്‌നം മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതത് സ്ഥലങ്ങളില്‍ നിലവിലുള്ള വിപണിവില നിശ്ചയിച്ച് അര്‍ഹരായവര്‍ക്ക് നല്‍കി ദേശീയപാതാ വികസനം നടപ്പാക്കും. എറണാകുളത്ത് മെട്രോ റയില്‍ പദ്ധതിക്ക് വേണ്ടിയും, തിരുവനന്തപുരത്ത് കരമന - കളിയിക്കാവിള ദേശീയപാതയ്ക്ക് വേണ്ടിയും സ്ഥലമെടുക്കുന്നത് വിപണിവില നല്‍കിയാണ്. അതേ രീതിയില്‍ ദേശീയപാതയ്ക്കായും സ്ഥലമെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള പണം കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍ വിപണി വിലയ്ക്ക് പകരം സ്ഥലമേറ്റെടുക്കല്‍ നിയമമനുസരിച്ചുള്ള തുകയാണ് കേന്ദ്ര സര്‍ക്കാര്‍ തരുന്നത്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കി സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദേശീയ പാതാ സര്‍വ്വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചതും മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചതുമായ പ്രസ്തുത നയം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വ്യക്തമായ സര്‍ക്കാര്‍ ഉത്തരവ് ഉടനിറങ്ങും. അത് വരെ സര്‍വ്വെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.