'ദിലീപിന്റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ, അദ്ദേഹത്തിനു എത്രത്തോളം ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു' - നിർമാതാവ് റാഫി

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (12:37 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിനു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടി പുറത്തെത്തിയതിനു പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പ്രസിഡന്റ് സ്ഥാനത്തേക്കും ദിലീപ് തിരിച്ചെത്തി. ഇതിൽ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് റാഫി മതിര. 
 
ഇരക്ക് നീതി കിട്ടണം എന്ന് ആവശ്യപ്പെടുന്നതിനൊപ്പം ആരോപണ വിധേയനായ ശ്രീ. ദിലീപിന്‍റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ എന്നും റാഫി പറയുന്നു. വിതരണക്കാരനും സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗവുമാണ് റാഫി മതിര. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് അടുത്ത വര്‍ഷം ചെയ്യാനിരുന്ന ദിലീപ് ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് റാഫി മതിര. 
 
റാഫി മതിരയുടെ കുറിപ്പ് വായിക്കാം
 
അഭിനന്ദനങ്ങള്‍!!
 
കേരളത്തിലെ സിനിമാ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പ്രസിഡന്റ് സ്ഥാനത്തു തിരികെയെത്തിയ ജനപ്രിയ നായകന്‍ ദിലീപിന് അഭിവാദ്യങ്ങള്‍.
 
നടിയെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്കിടയില്‍ നടന്‍ ശ്രീ. ദിലീപിനെ കുറ്റാരോപിതനാക്കി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഫിയോക്ക് ഒഴികെ മലയാള സിനിമയിലെ എല്ലാ സംഘടനകളും അദ്ദേഹത്തെ തള്ളിപ്പറയുകയും സംഘടനകളില്‍ നിന്നും ജനാധിപത്യ വിരുദ്ധമായി പുറത്താക്കുകയും ചെയ്തിരുന്നു. (ചിന്തിക്കാന്‍ അവര്‍ക്കിനിയും സമയമുണ്ടാകാം.)
 
ശ്രീ ദിലീപിന് ജാമ്യം ലഭിച്ച അവസരത്തില്‍ ജനാധിപത്യപരമായി അദേഹത്തിന് പറയാനുള്ളത് കേള്‍ക്കുകയും അദേഹത്തിന് സംഘടനയില്‍ ഉണ്ടായിരുന്ന സ്ഥാനം തിരിച്ചു നല്‍കുകയും ചെയ്ത ഫിയോക്കിന്‍റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. സംഘടനയുടെ കരുത്തുറ്റ നേതാവായി മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ.
 
സിനിമക്കുള്ളില്‍ ദിലീപിനു എത്രത്തോളം ശത്രുക്കള്‍ ഉണ്ടായിരുന്നു എന്ന് അദേഹത്തിന്‍റെ അറസ്റ്റിനു ശേഷം കേരള സമൂഹം മനസ്സിലാക്കിയതാണ്. ശ്രീ. ദിലീപിനെതിരെ സംസാരിക്കാന്‍ ചാനലുകളില്‍ തിക്കും തിരക്കും കൂട്ടിയവര്‍ പലരും പിന്‍വലിയുകയും ഇന്നുവരെ എവിടെയും അദേഹത്തിന് അനുകൂലമായി ഒരു വാക്ക് പോലും പറയാതിരുന്നവര്‍ രംഗപ്രവേശം ചെയ്യുന്നതും പല കാരണങ്ങള്‍ കൊണ്ടുമാകാം. അതെന്തുമാകട്ടെ. സത്യം വിജയിക്കട്ടെ.
 
നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ചു കൊണ്ടും ഇരക്ക് നീതി കിട്ടണം എന്ന് ആശിച്ചു കൊണ്ടും ആരോപണ വിധേയനായ ശ്രീ. ദിലീപിന്‍റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ടും ഗൂഢാലോചകര്‍ ആരെന്നു കണ്ടെത്തി ശിക്ഷിക്കപ്പെടുമെന്നു വിശ്വസിച്ചു കൊണ്ടും, റാഫി മതിര.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍