തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടും. ഇത് സിനിമാ ഡയലോഗ് മാത്രമല്ല. പണത്തിന്റേയും പ്രശസ്തിയുടെയും പേരില്‍ അതാരായാലും രക്ഷപെടില്ല എന്നതിന്റെ തെളിവാണ് നടന്‍ ദിലീപിന്റെ അറസ്റ്റ്. ദിലീപില്‍ നിന്നും ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ വ്യക്തമാക്കുന്നു. അപ്പോള്‍ അദ്ദേഹത്തെ ആരാധിച്ചിരുന്നവരുടെ കാര്യം പറയണോ?.
ദിലീപിന്റെ ഈ അറസ്റ്റില്‍ മനമുരുകി വേദനിക്കുന്ന ഒരാളുണ്ട്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരോ മകള്‍ മീനാക്ഷിയോ നിലവിലെ ഭാര്യ കാവ്യ മാധവനോ ഒന്നുമല്ല നവാഗത സംവിധായകന്‍ അരുണ്‍ ഗോപിയാണ്. ഒരു സിനിമ തീയേറ്ററില്‍ എത്തണമെങ്കില്‍ അതിനു പുറകില്‍ എത്രയെല്ലാം കഠിന പ്രയത്നങ്ങള്‍ ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
വളരെ ഏറെ പ്രതീക്ഷയോടെ, നാല് വര്‍ഷമെടുത്ത് അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ് ഈ അറസ്റ്റിലൂടെ അനാഥമാകുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം കഴിഞ്ഞ് റിലീസിന് തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് വിവാദങ്ങളും പുറകേ നടന്റെ അറസ്റ്റും വരുന്നത്.
സംവിധായകന്‍ കെ മധുവിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയതാണ് അരുണ്‍ ഗോപി. പല സംവിധായകരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അരുണിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് രാമലീല. കഴിഞ്ഞ രണ്ടാഴ്ച വരേയും ജനപ്രിയ നായകന്റെ ഡേറ്റ് കിട്ടിയതില്‍ ആഹ്ലാദിക്കുന്നയാളായിരുന്നു അരുണ്‍. എന്നാല്‍ ഇന്നത് ഏത് രീതിയിലാണ് അദ്ദേഹത്തെ ബാധിക്കുകയെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.
ഒരു ദിവസം എംഎല്‍എ ആകേണ്ടി വന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രാമനുണ്ണിയായി ദിലീപ് എത്തുന്ന ചിത്രത്തില്‍ പ്രയാഗയാണ് നായിക. രാധിക ശരത്ത് കുമാര്‍, സലിം കുമാര്‍, മുകേഷ്, സിദ്ധിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.
ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ രാമലീലയുടെ സംവിധായകനും നിര്‍മാതാക്കളും അണിയറ പ്രവര്‍ത്തകരും. സിനിമ റിലീസ് ചെയ്താല്‍ ഇനി ജനങ്ങള്‍ സ്വീകരിക്കുമോ എന്ന ഭയം. ദിലീപിനോടുള്ള പ്രതിഷേധം തന്റെ ചിത്രത്തോട് കാണിയ്ക്കുമോ എന്നാണ് സംവിധായകന്റെ ആശങ്ക.