തോക്ക് സ്വന്തമാക്കാന്‍ തിലകന്‍!

തിങ്കള്‍, 28 ജൂണ്‍ 2010 (15:07 IST)
PRO
നടന്‍ തിലകന്‍ ഒരു തോക്ക് സ്വന്തമാക്കാനൊരുങ്ങുന്നു. ജീവന് ഭീഷണിയുള്ളതിനാല്‍ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കുകയാണെന്ന് തിലകന്‍ അറിയിച്ചു. സംവിധായകന്‍ അലി അക്ബറിന്‍റെ കാറിനു നേരെ അജ്ഞാതര്‍ അക്രമം നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ‘ഒരു തോക്ക് സ്വന്തമാക്കണം’ എന്ന തീരുമാനത്തില്‍ തിലകനെത്തിയത്.

“എന്നോടൊപ്പം നില്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണ്. എനിക്കെതിരെയും ആക്രമണമുണ്ടാകുമെന്ന് ഭയമുണ്ട്‌. അതിനാല്‍ ഒരു തോക്കിന് അപേക്ഷ നല്‍കുകയാണ്. എന്നെ നായകനാക്കി ‘അച്ഛന്‍’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് അലി അക്ബറിന്‍റെ കാര്‍ ആക്രമിച്ചത്. ഇതിനു പിന്നില്‍ താരസംഘടനയായ ‘അമ്മ’യുടെ ഹിഡന്‍ അജണ്ടയുണ്ട്” - തിലകന്‍ ആരോപിച്ചു.

മുമ്പൊരിക്കല്‍ പത്തനാപുരത്തു വച്ച് തിലകന്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയാണ് ആ ആക്രമണത്തിനു പിന്നിലെന്ന് തിലകന്‍ ആന്ന് ആരോപിച്ചിരുന്നു. മാത്രമല്ല, ഇടയ്ക്കിടെ തിലകന് വധഭീഷണികളും വരാറുണ്ട്. ഇതുസംബന്ധിച്ച് അദ്ദേഹം നല്‍കിയ പരാതിയും നിലവിലുണ്ട്. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും തിലകന്‍ ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് ചേവരമ്പലത്തുള്ള ചലച്ചിത്ര സംവിധായകന്‍ അലി അക്ബറിന്‍റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് ഇന്നു പുലര്‍ച്ചെ അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തത്. കേരള കോണ്‍ഗ്രസ് ബി വിഭാഗമാണ് അക്രമത്തിന് പിന്നിലെന്ന് അലി അക്ബര്‍ ആരോപിച്ചു. അതേസമയം, ആരോപണം കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള നിഷേധിച്ചു. അക്രമികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക