ഡാങ്കെയോട് ഉപമിച്ചത് തെറ്റ്, കൂടംകുളം വിഷയത്തില്‍ പിഴവ് പറ്റി: വി എസ്

വ്യാഴം, 18 ഒക്‌ടോബര്‍ 2012 (13:41 IST)
PRO
PRO
തനിക്ക് പറ്റിയ സംഘടനാപരമായ പിഴവുകള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പരസ്യമായി ഏറ്റുപറഞ്ഞു. വി എസിന്റെ കൂടംകുളം യാത്രയും, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചതും ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് വി എസ് പരസ്യമായി കുറ്റം ഏറ്റുപറഞ്ഞത്.

കൂടംകുളത്തേക്ക് യാത്ര തിരിക്കാനുള്ള സാഹചര്യം വിശദീകരിച്ചുകൊണ്ടാണ് വി എസ് തെറ്റ് ഏറ്റുപറഞ്ഞത്. ഫുക്കോഷിമ ആണവ ദുരന്തത്തെ തുടര്‍ന്ന് ലോകമെങ്ങും ആ‍ണവ നിലയങ്ങള്‍ക്ക് എതിരെ പ്രതിക്ഷേധം ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടംകുളം ആണവ നിലയത്തിനെതിരെ പ്രതിക്ഷേധം ഉയര്‍ന്നത്. കൂടംകുളം സമരത്തിന് ആധാരമായ പ്രശ്നങ്ങള്‍ നേരിട്ട് അറിയാന്‍ വേണ്ടിയാണ് താന്‍ കൂടംകുളത്തേക്ക് യാത്രതിരിച്ചത്. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് കളിയിക്കാവിളയില്‍ നിന്ന് മടങ്ങുകയായിരുന്നെന്ന് വി എസ് പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിനെ വിവരം അറിയിച്ചാണ് താന്‍ യാത്രപുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായ നിലപാടാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ താന്‍ കൂടംകുളത്ത് പോയത് തെറ്റായിപോയെന്ന് പാര്‍ട്ടി വിലയിരുത്തല്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ ഞാന്‍ സംഘടനപരമായ പിഴവുകള്‍ അംഗീകരിക്കുന്നു എങ്കിലും ആ‍ണവ കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ജാഗരൂകനായിരിക്കുമെന്നും വി എസ് അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ് ദിവസം ടി പിയുടെ വീട് സന്ദര്‍ശിച്ചത് യാദൃശ്ചികം

യാദൃശ്ചികമായാണ് നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് ദിവസം ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത്. എന്നാല്‍ ഇത് ഒഴിവാക്കാമായിരുന്നെന്നും വി എസ് പറഞ്ഞു. 51 വെട്ടേറ്റ് നിഷ്ഠൂരമായി കൊല്ലപ്പെട്ട രക്തസാക്ഷിയായ സഖാവ് ചന്ദ്രശേഖരന്റെ പ്രായമായ അമ്മയെയും ഭാര്യയെയും മകനെയും ആശ്വസിപ്പിക്കാനാണ് ഞാന്‍ അവിടെ പോയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശാനുസരണം ഇക്കാര്യത്തില്‍ തനിക്ക് പറ്റിയ വീഴ്ച ഏറ്റുപറയുന്നെന്ന് വി എസ് വ്യക്തമാക്കി.
PRO
PRO


താന്‍ പിണറായിയെ ഡാങ്കെയോട് ഉപമിച്ചത് ഒഴിവാക്കാമായിരുന്നെന്നും വി എസ് പറഞ്ഞു. ടി പിയെ കുലംകുത്തിയെന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിച്ചതിനെതിരെയാണ് താന്‍ അങ്ങനെ ഒരു പദപ്രയോഗം നടത്തിയതെന്നും വി എസ് പറഞ്ഞു. എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വി എസ് വ്യക്തമാക്കി. പാര്‍ട്ടി അണികളുടെയും ജനങ്ങളുടെയും സംശയദുരീകരണത്തിനാണ് ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക