ടിപി വധക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നു: ബല്‍‌റാം

ശനി, 14 ഒക്‌ടോബര്‍ 2017 (18:57 IST)
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും യു ഡി എഫ് നേതൃത്വം അന്ന് ആ വിഷയം ഒരു രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിച്ചില്ലെന്നും വി ടി ബല്‍‌റാം എം‌എല്‍‌എ. പിണറായിക്കെതിരെ കേസെടുക്കാതിരുന്നത് ഒരു ഉദാസീന സമീപനമാണോ എന്ന സംശയം എല്ലാവരുടേയും മനസ്സിലുണ്ടെന്നും ബല്‍‌റാം പറയുന്നു.
 
മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യു ഡി എഫിനെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കുന്ന പുതിയ പ്രതികരണം ബല്‍‌റാം നടത്തിയിരിക്കുന്നത്. 
 
“ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പിണറായി വിജയന് പങ്കുണ്ടെന്നു ടിപിയുടെ ഭാര്യയും മകനും അമ്മയും പലയിടങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്, മൊഴി നല്‍കിയിട്ടുണ്ട്. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനടക്കം ഈ ഗൂഢാലോചനയേക്കുറിച്ച്‌ പലവട്ടം പറഞ്ഞിരുന്നു. ഇപ്പോഴത്തെ മാതൃക സ്വീകരിച്ചിരുന്നെങ്കില്‍ പിണറായി വിജയനെതിരെ യുഡിഎഫ് സര്‍ക്കാരിന് കേസെടുക്കാമായിരുന്നു. എന്നാല്‍, അന്ന് അങ്ങനെ ചെയ്തിട്ടില്ല. പിണറായിയെ അന്വേഷണസംഘം പ്രതിചേര്‍ക്കുകയോ മൊഴികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതായോ നമുക്കറിയില്ല. ഇത്‌ ഒരു ഉദാസീന സമീപനമാണോ എന്ന സംശയം എല്ലാവരുടേയും മനസ്സിലുണ്ട്” - ബല്‍‌റാം പറയുന്നു. 
 
യുഡിഎഫ് നേതൃത്വം അന്ന് രാഷ്ട്രീയ വേട്ടയാടലിന്‌ ഈ വിഷയം ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ. എന്നാല്‍, അങ്ങനെയുള്ള ഒരു രാഷ്ട്രീയ സൗമനസ്യത്തിനും സിപിഎം നേതാക്കള്‍ അര്‍ഹരല്ലെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ്‌ നേതാക്കള്‍ മനസിലാക്കണമെന്നും അതിനനുസരിച്ച്‌ ഇപ്പോഴത്തെ അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെയുള്ള നിലപാടുകള്‍ ശക്തിപ്പെടുത്തണമെന്നുമാണ്‌ താന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞതെന്നും വി ടി ബല്‍‌റാം മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍