ടിപി വധം തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ട: തിരുവഞ്ചൂര്‍

തിങ്കള്‍, 21 മെയ് 2012 (11:39 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തില്‍ ഒരുഘട്ടത്തിലും താന്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നവരാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുമായി ഈ കൊലപാതകത്തെ കൂട്ടിക്കുഴക്കേണ്ട. തെരഞ്ഞെടുപ്പില്‍ പല വിഷയങ്ങളും ജനങ്ങള്‍ പരിഗണിക്കും. ടി പി വധത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നത് എന്തിനാണെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. കൊലപാതകം നടന്നാല്‍ പ്രതിയെ പിടികൂടുകയാണ് വേണ്ടത്. അതില്‍ രാഷ്ട്രീയമില്ലെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ സെന്‍‌ട്രല്‍ ജയില്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവുകാരുടെ പാരതികള്‍ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. ജയിലിലെ എട്ടാം ബ്ലോക്കില്‍ ചില നേതാക്കളുടെ ചിത്രങ്ങള്‍ കണ്ടു. അത്തരം പോസ്റ്ററുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക