ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യും, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍: കോടിയേരി

വ്യാഴം, 12 മാര്‍ച്ച് 2015 (20:03 IST)
ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. എന്തെങ്കിലുമൊക്കെ സംഭവിച്ചാല്‍ അതിനുത്തരവാദി സര്‍ക്കാരായിരിക്കുമെന്നും കോടിയേരി പറഞ്ഞു. 
 
താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നുള്ള മാണിയുടെ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കോടിയേരി പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാനെത്തിയാല്‍ ഞങ്ങള്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതിന് ജനങ്ങള്‍ പൊറുക്കണം. ഈ സമരത്തില്‍ ജനങ്ങളും പങ്കാളികളാകണം. ആയിരക്കണക്കിന് പൊലീസുകാരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. നിയമസഭയ്ക്കകത്ത് 500 പൊലീസുകാരെ കാക്കി മാറ്റി വെള്ളക്കുപ്പായമിടുവിച്ച് വിന്യസിച്ചിരിക്കുന്നു. അതില്‍ 100 വെള്ളക്കുപ്പായക്കാരെ മാണിയുടെ സംരക്ഷണത്തിന് മാത്രമായി ചുമതലപ്പെടുത്തിയിരിക്കുകയാണ് - കോടിയേരിപറഞ്ഞു.
 
ഞങ്ങള്‍ യു ഡി എഫ് എംഎല്‍എമാരെ തടയുമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് എം‌എല്‍‌എമാരും മന്ത്രിമാരും സഭയ്ക്കുള്ളില്‍ കെട്ടിക്കിടക്കുകയാണ്. മന്ത്രിമാര്‍ക്കുറങ്ങാന്‍ 50 കട്ടിലുകളും കിടക്കയും എത്തിച്ചിരിക്കുന്നു. ഈ സര്‍ക്കാര്‍ ജനങ്ങളെ ഭയപ്പെട്ട് വിരണ്ട് ഓടുകയാണ്‍. കേരളം യുദ്ധക്കളം പോലെയാക്കി മാണി തന്നെ ബജറ്റ് അവതരിപ്പിക്കട്ടെ എന്ന വാശി ഉമ്മന്‍‌ചാണ്ടി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിന്‍റെ തെളിവാണ്. അഴിമതിരാജാണ് ഉമ്മന്‍‌ചാണ്ടി നടത്തുന്നത് - കോടിയേരി പറഞ്ഞു.
 
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒരു യു ഡി എഫ് എം‌എല്‍‌എ ഞങ്ങള്‍ക്കൊപ്പം വന്നു. വരും ദിവസങ്ങളില്‍ പലരും യു ഡി എഫ് വിട്ട് പുറത്തുവരും - കോടിയേരി വ്യക്തമാക്കി. 
 
മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും തടയാന്‍ എല്‍ ഡി എഫും യുവമോര്‍ച്ചയും ഉപരോധം തീര്‍ക്കുമ്പോള്‍ പൊലീസും ഒരുങ്ങിത്തന്നെയാണ്. ആറ് എസ് പിമാരുടെ നേതൃത്വത്തില്‍ 2800 പൊലീസുകാരെയാണ് നിയമസഭാമന്ദിരത്തിന് ചുറ്റിനുമായി വിന്യസിച്ചിരിക്കുന്നത്. എങ്ങനെയും കെ എം മാണിയെയും മറ്റ് മന്ത്രിമാരെയും നിയമസഭയ്ക്കുള്ളിലെത്തിക്കുമെന്ന് ഐ ജി മനോജ് ഏബ്രഹാം അറിയിച്ചു.
 
ബജറ്റ് അവതരണം തടസമില്ലാതെ നടക്കാനും മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും നിയമസഭയിലെത്താനുള്ള വഴിയൊരുക്കാനുമുള്ള പദ്ധതികളാണ് പൊലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉപരോധസമരം ബാരിക്കേഡ് ഉപയോഗിച്ച് തടയും. ബാരിക്കേഡ് തകര്‍ത്ത് സമരക്കാര്‍ മുന്നേറിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മനോജ് ഏബ്രഹാം അറിയിച്ചു.
 
സമരക്കാര്‍ അക്രമാസക്തരായാല്‍ അതിനെ നേരിടാന്‍ പൂര്‍ണ സജ്ജരാണ് പൊലീസെന്ന് ഐ ജി അറിയിച്ചു. അക്രമസാധ്യയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക വസതിയിലാണ് താമസിക്കുക. കെ എം മാണി എവിടെ താമസിക്കുമെന്നതിനെക്കുറിച്ചുള്ള അന്തിമ അറിയിപ്പ് കിട്ടിയിട്ടില്ല. മന്ത്രിമാര്‍ എവിടെ താമസിച്ചാലും അവരെ സഭയ്ക്കുള്ളിലെത്തിക്കാന്‍ ആവശ്യമുള്ള നടപടി ചെയ്യും. മാണിക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് മനോജ് ഏബ്രഹാം അറിയിച്ചു.

വെബ്ദുനിയ വായിക്കുക