ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേര്‍ പിടിയില്‍

വെള്ളി, 13 മെയ് 2016 (13:46 IST)
വിദേശത്ത് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുലശേഖരമംഗലം സ്വദേശി അയ്യപ്പദാസ് (27), ഹരിപ്പാട് പിലാപ്പിഴ ഇലയ്ക്കല്‍ സച്ചിന്‍ (27) എന്നിവരെയാണ് ആലുവ സി.ഐ ടി.ബി.വിജയന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
 
ആലുവ, അങ്കമാലി, കോഴിക്കോട്, തൃപ്പൂണിത്തുറ, ചാവക്കാട്, കൊല്ലം, അഞ്ചല്‍ എന്നിവിടങ്ങളില്‍ ഏവിയേഷന്‍ കോഴ്സിനു പഠിക്കുന്നവരെ നയത്തില്‍ വശത്താക്കി സിംഗപൂര്‍ എയര്‍പോര്‍ട്ടില്‍ ഉന്നത തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. 
 
ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 2,40,000 രൂപ വീതമായിരുന്നു ഇവര്‍ തട്ടിയെടുത്തത്. ചില ഉദ്യോഗാര്‍ത്ഥികളെ മലേഷ്യയില്‍ കൊണ്ടുപോയി ഹോട്ടലുകളില്‍ ക്ലീനിംഗ് ജോലികള്‍ ഉള്‍പ്പെടെയുള്ള ജോലി ചെയ്യിച്ച് പീഡിപ്പിച്ചതായും പരാതിയുണ്ട്. പരാതി ലഭിച്ചതോടെ പ്രതികള്‍ ഇരുവരും ഒളിവിലായിരുന്നു. പ്രതികള്‍ അറസ്റ്റിലായതോടെ നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക