ജോലി നഷ്ടപ്പെട്ട് സൗദി മലയാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു

വ്യാഴം, 28 മാര്‍ച്ച് 2013 (10:03 IST)
PRO
PRO
സൗദി അറേബ്യയിലെ തൊഴിലിടങ്ങള്‍ സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായി നിതാഖത് നിയമം കര്‍ശനമാക്കിയതോടെയാണ് മലയാളികള്‍ക്ക് തിരിച്ചടി. സൗദി അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദിനം‌പ്രതി നൂറിലേറെ വിദേശികള്‍ ആണ് രാജ്യത്ത് നിന്ന് മടങ്ങുന്നത്. മലയാളികള്‍ ആണ് ഇവരില്‍ ഏറെയും. പ്രവസികളെ ആശ്രയിക്കുന്ന കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് തന്നെ കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാണിത്.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള മലയാളികളാണ് സൌദിയില്‍ ഏറെയും. സ്വദേശിവത്കരണത്തെക്കുറിച്ച് അറിഞ്ഞതോടെ ഇവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങളെ ഇത് ഗുരുതരമായി ബാധിക്കും.

രാജ്യത്ത് വിദേശികളുടെ എണ്ണം ക്രമാതീതമായി കൂടുന്നതും സൗദി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നതുമാണ് സര്‍ക്കാരിന്റെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. സൌദിയിലെ തൊഴില്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്താനാണ് നിതാഖത് നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൌദിയിലെ സ്ഥാപനങ്ങളില്‍ സ്വദേശികളെ ജോലിയ്ക്ക് വയ്ക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി വ്യാഴാഴ്ച അവസാനിക്കുകയാണ്. ഇന്ന് മുതല്‍ സൗദി അധികൃതര്‍ കമ്പനികളില്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കും.

സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവരെ പിടികൂടിയാല്‍ ഉടനെ നാടുകടത്താനാണ് സൗദി തൊഴില്‍ സഹമന്ത്രി മുഫറാജ് അല്‍ഹഖ്ബാനി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വദേശികള്‍ക്ക് ജോലി ലഭിക്കുമ്പോള്‍ വിദേശികള്‍ പുറന്തള്ളപ്പെടും. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യുന്നവര്‍ വിസ മാറ്റണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

നിതാഖത് നിയമപ്രകാരം ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് തൊഴില്‍ മേഖലയെ തരംതിരിച്ചിരിക്കുന്നത്. സ്വദേശിവത്കരണം ഏറ്റവും കൂടുതലുള്ളതാണ് പച്ച, കുറച്ച് മാത്രം സ്വദേശികള്‍ ഉള്ളത് മഞ്ഞ്, തീരെ കുറഞ്ഞത് ചുവപ്പും. ചുവപ്പ് വിഭാഗത്തിനുള്ളവര്‍ പച്ച വിഭാഗത്തിലേക്ക് എത്തണം എന്നാണ് സൌദി സര്‍ക്കാരിന്റെ നിലപാട്.

വെബ്ദുനിയ വായിക്കുക