ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ഞാന്‍ മുന്നില്‍തന്നെ ഉണ്ടാവും; വി എസ്

ചൊവ്വ, 3 മെയ് 2016 (13:29 IST)
പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും മുന്നില്‍തന്നെ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് വി എസ് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
 
വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും മിടുക്കരായിരുന്ന കേരള പൊലീസിനെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാനും അഴിമതി നടത്താനുമുള്ള ഉപകരണങ്ങളാക്കി യു ഡി എഫ് സര്‍ക്കാര്‍ അധ:പതിപ്പിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇതിനെ വിലയിരുത്താമെന്നും വി എസ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
 
വി എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
 
സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ എല്‍.എല്‍.ബി വിദ്യാഭ്യാസം നടത്തുകയായിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ കുറ്റിക്കാട്ടുപറമ്പില്‍ ജിഷയുടെ നിഷ്ഠുരമായ കൊലപാതകത്തെ അപലപിക്കുന്നു. മൃഗീയം എന്നുപറഞ്ഞാല്‍ മൃഗങ്ങള്‍ക്കുപോലും അപമാനകരമാവുമെന്നതിനാല്‍ അത്യന്തം പൈശാചികം എന്നേ ഈ കൃത്യത്തെ വിശേഷിപ്പിക്കാനാവൂ. രാജ്യത്തെ മുഴുവന്‍ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയയുടെ പാതയിലേക്ക് പിന്നെയും നരാധമന്‍മാര്‍ നമ്മുടെ സഹോദരിമാരുടെ ജീവന്‍ എടുക്കാന്‍ കാത്തുനില്‍ക്കുന്നു എന്ന അറിവ് ഞെട്ടിക്കുന്നതാണ്.
 
ഇതുപോലൊരു സംഭവം ഉണ്ടാവുമ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ട ചില കാര്യങ്ങളുണ്ട്. ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. ഏപ്രില്‍ 28ന് നടന്ന ഈ കൊലപാതകത്തെ പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നുമാത്രമല്ല, നിസ്സാരസംഭവമാണെന്ന് വരുത്തിത്തീര്‍ത്ത് കുറ്റവാളിയെ അല്ലെങ്കില്‍ കുറ്റക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന വസ്തുത അത്യന്തം ഗുരുതരമാണ്. ഏറ്റവും മിടുക്കരായിരുന്ന കേരളപൊലീസിനെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാനും അഴിമതി നടത്താനുമുള്ള ഉപകരണങ്ങളാക്കി യു.ഡി.എഫ് സര്‍ക്കാര്‍ അധ:പതിപ്പിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇതിനെ വിലയിരുത്താം.
 
പണമില്ലാത്തവര്‍ അതിനിഷ്ഠുരമായി കൊല്ലപ്പെട്ടാല്‍പോലും നീതി ലഭിക്കുന്നില്ലെന്നു മാത്രമല്ല, അതിനുള്ള ശ്രമംപോലും ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്. കൂടുതല്‍ രൂക്ഷമായാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള ഇക്കാര്യത്തിലെ കുറ്റകരമായ ഇടപെടലുകളെ വിമര്‍ശിക്കേണ്ടതെങ്കിലും ഇപ്പോള്‍ അതിന് തുനിയാത്തത് ഇത് ഒരു പ്രദേശത്തിന്റെ ദുരന്തമായി മാറി എന്നതിനാലാണ്.
 
നിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും സംരക്ഷണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇനിയൊരു സഹോദരിക്കും ഇത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരും പൊലീസും അടിയന്തരമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ. 'Justice for Jisha' എന്നത് ഒരു പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. പൊലീസും സര്‍ക്കാരും നീതിനിര്‍വഹണത്തില്‍ പരാജയപ്പെടുമ്പോള്‍ ഇതുപോലുള്ള മുറവിളി ഉയരുന്നത് സ്വാഭാവികമാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും ഞാന്‍ മുന്നില്‍തന്നെ ഉണ്ടാവും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക