ജാതിവ്യവസ്ഥക്കെതിരായ സമരം വര്‍ഗ്ഗസമരത്തിന്‍റെ ഭാഗം: കാരാട്ട്
ശനി, 16 ഓഗസ്റ്റ് 2008 (17:39 IST)
KBJ
WD
ജാതിവ്യവസ്ഥയ്ക്കെതിരായ സമരം വര്‍ഗ്ഗസമരത്തിന്‍റെ ഭാഗമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ജാതിവ്യവസ്ഥ ഇല്ലാതാക്കുകയെന്നത് പൂര്‍ത്തീകരിക്കാനാവാത്ത കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള പട്ടികജാതി കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കാരാട്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു പട്ടികജാതി വിഭാഗക്കാരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.
പട്ടികജാതിയുടേയും മറ്റു പിന്നാക്ക വിഭാഗത്തിന്‍റെയും ഉന്നമനം പാര്‍ട്ടിയുടെ ലക്‍ഷ്യങ്ങളിലൊന്നാണ്. ദളിതരുടെ പ്രശ്‌നങ്ങളില്‍ എന്നും ഇടപെടാന്‍ പാര്‍ട്ടി ശ്രദ്ധിച്ചിട്ടുണ്ട്. ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിന്നതുകൊണ്ടാണ് ഇടതു സര്‍ക്കാര്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കിയത്.
സര്‍ക്കാരിന്‍റെ കൈവശമുള്ള മിച്ചഭൂമി പട്ടികജാതി വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യുന്നതിനു നല്‍കണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു. ജാതിവ്യവസ്ഥക്കെതിരായ സമരം വര്‍ഗസമരത്തിന്‍റെ ഭാഗമാണ്. സ്വകാര്യമേഖലയിലും പട്ടികജാതിക്കാര്‍ക്ക് സംവരണം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
ആഗോളീകരണ- ഉദാരീകരണ നയങ്ങളുടെ വിഷമത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് പട്ടികജാതിക്കാരാണ്. ജനാധിപത്യത്തിന്‍റെ വിജയത്തിനു ദളിതരുടെ ഉന്നമനം പ്രധാനമാണെന്ന് മനസിലാക്കിയ സി.പി.എം 2006-ല്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ദളിത് കണ്‍വെന്‍ഷന്‍റെ പശ്‌ചാത്തലത്തില്‍ രാജ്യത്തിന്‍റെ പല ഭാഗത്തും കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, പിന്നാക്ക ക്ഷേമമന്ത്രി എ.കെ. ബാലന്‍, ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.