ജയിലില്‍ അച്ചടക്കലംഘനം അനുവദിക്കില്ല: തിരുവഞ്ചൂര്‍

വെള്ളി, 12 ഏപ്രില്‍ 2013 (13:33 IST)
PRO
PRO
ജയിലുകളില്‍ അച്ചടക്കലംഘനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നെട്ടുകാല്‍ത്തേരിയില്‍ ജയില്‍ വാര്‍ഡര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനു തന്നെ മാതൃകയായ ഉയര്‍ന്ന നിലവാരമാണ് നമ്മുടെ ജയിലുകളിലുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കുറ്റവാളികളെന്ന് നീതിന്യായകോടതികള്‍ വിധിക്കുന്നവരെ സൂക്ഷിക്കാന്‍ മാത്രമുള്ള സ്ഥലങ്ങളല്ല ജയിലുകള്‍. അവരെ നല്ല പൌരന്‍മാരാക്കി മാറ്റുകയും നമ്മുടെ ഉത്തരവാദിത്തമാണ്. വളരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ അത്തരമൊരു അന്തരീക്ഷം ജയിലുകളില്‍ ഒരുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത് നിലനിര്‍ത്തിക്കൊണ്ടുപോവുക തന്നെ വേണമെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ ജയിലുകള്‍ സ്വയം പര്യാപ്തതയിലേക്കുള്ള യാത്രയിലാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സൌരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ജയിലുകളില്‍ നടക്കുകയാണ്.

അടിസ്ഥാനസൌകര്യവികസവും വളരെ വേഗത്തില്‍ നടക്കുന്നുണ്ട്. ജയിലുകള്‍ക്കുള്ള പരിമിതി മാറ്റാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. ചപ്പാത്തിയും കോഴിക്കറിയും പോലുള്ള മാതൃകാപദ്ധതികള്‍ ലാഭകരമായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു. പുതിയ സേനാംഗങ്ങള്‍കൂടി വരുന്നതോടെ ജയിലുകളില്‍ നിലവിലുള്ള കുറവ് പരിഹരിക്കാന്‍ കഴിയും. ജയിലുകള്‍ സ്വയംപര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ തന്റെ പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.

വെബ്ദുനിയ വായിക്കുക