ജയസാധ്യതയും ജനസ്വീകാര്യതയുമാണ് മാനദണ്ഡം, താന്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല; താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായും ചര്‍ച്ചയുണ്ടാകുമെന്ന് സുധീരന്‍

തിങ്കള്‍, 22 ഫെബ്രുവരി 2016 (20:56 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ജയസാധ്യതയും ജനസ്വീകാര്യതയുമാണ് മാനദണ്ഡമാക്കുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. താന്‍ മത്സരിക്കുന്ന കാര്യം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ വിഷയമേ ആയിരുന്നില്ലെന്നും അതെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തില്‍ മാത്രമേ തീരുമാനിക്കുകയുള്ളൂ എന്നും സുധീരന്‍ വ്യക്തമാക്കി.
 
ഹൈക്കമാന്‍ഡുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍. ചര്‍ച്ചയില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുകുള്‍ വാസ്നിക്, എ കെ ആന്‍റണി, ദീപക് ബാബ്രിയ, ഗുലാം നബി ആസാദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 
ഭരണത്തുടര്‍ച്ച അനിവാര്യമാണ് എന്നത് മുന്നില്‍ക്കണ്ട് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്.
 
ജില്ലാ തലത്തില്‍ ഡി സി സി പ്രസിഡന്‍റുമാരും ജില്ലയുടെ ചുമതല വഹിക്കുന്ന കെ പി സി സി ജനറല്‍ സെക്രട്ടറിയും കെ പി സി സിയിലെ ഉയര്‍ന്ന നേതാക്കളും ചേര്‍ന്ന് ജില്ലയിലെ പ്രധാന ഘടകങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കെ പി സി സിക്ക് നല്‍കും. അത് സുധീരനും ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും പരിശോധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് സമിതി ഈ പട്ടിക പരിശോധിച്ച് ഹൈക്കമാന്‍ഡിന് നല്‍കുന്ന രീതിയിലായിരിക്കും കോണ്‍ഗ്രസില്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാവുക എന്നാണ് സുധീരന്‍ അറിയിച്ചിരിക്കുന്നത്.
 
ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും സീറ്റുകള്‍ സംബന്ധിച്ച ധാരണയും ഉടന്‍ ഉണ്ടാകുമെന്നും കെ പി സി സി അധ്യക്ഷന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക