കെ എ റൌഫ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കേസിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ നേരിട്ടു പോയി കാണാന്‍ രണ്ട് ജയരാജന്മാരും തന്നോട് ആവശ്യപ്പെട്ടു എന്നാണ് റൌഫ് പറയുന്നത്. എം വി ജയരാജനായിരുന്നു കൂടുതല്‍ നിര്‍ബന്ധം പിടിച്ചതെന്നും കെ ജി പ്രസാദുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ റൌഫ് പറയുന്നുണ്ട്. തൃശൂര്‍ രാമനിലയത്തില്‍ നടന്ന റൌഫ്-വി എസ് കൂടിക്കാഴ്ചയുടെ തലേന്നാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.
സി പി എം വിഭാഗീയത, കുഞ്ഞാലിക്കുട്ടി നേരിടുന്ന ആരോപണങ്ങള്‍ എന്നിവയാണ് ടേപ്പിലെ വിഷയങ്ങള്‍. കണ്ണൂരില്‍ കോടിയേരിയുടെ നില പരുങ്ങലില്‍ ആണ്. സംഘടനാ തെരഞ്ഞെടുപ്പില്‍ ഇത് ദോഷം ചെയ്യുമെന്നുറപ്പാണ്. സി പി എമ്മിലെ ചില പ്രമുഖ നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്താനാണ് വി എസ് തന്നെ പ്രേരിപ്പിക്കുന്നത്. അങ്ങനെ ചെയ്താല്‍ പല ഗുണങ്ങളും ഉണ്ടാകുമെന്നും അറിയിച്ചു- റൌഫ് പറയുന്നു.
തന്റെ പ്രധാന പ്രശ്നം മഹാരാഷ്ട്രയിലെ ഭൂമികേസ് ഒത്തുതീര്‍പ്പാക്കുക എന്നാണ്. അത് കുഞ്ഞാലിക്കുട്ടി വിചാരിച്ചാല്‍ സാധിക്കുകയും ചെയ്യും. അതിന് പ്രത്യുപകാരമായി കുഞ്ഞാലിക്കുട്ടിക്കെതിരായ വിജിലന്‍സ് കേസില്‍ താന്‍ ഹാജരാകാതിരുന്നാല്‍ മതി. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ കേസുകള്‍ ഇല്ലാതാക്കാം. ഐസ്ക്രീം കേസില്‍ വി എസിനെ പോലുള്ളവരെ അനുനയിപ്പിക്കാന്‍ താന്‍ വിചാരിച്ചാല്‍ സാധിക്കും എന്നു റൌഫിന്റെ സംഭാഷണത്തില്‍ ഉണ്ട്.
അതേസമയം റൌഫുമായി സംസാരിച്ചതിന്റെ ഓഡിയോ ടേപ്പ് പ്രസാദ് ഇന്റലിജന്‍സ് ഐ ജിക്ക് കൈമാറി. തനിക്ക് റൌഫില്‍ നിന്ന് വധഭീഷണിയുണ്ടെന്നും പ്രസാദ് പറയുന്നുണ്ട്.