ജനസമ്പര്‍ക്ക പരിപാടി: എറണാകുളത്ത് അനുവദിച്ചത് നാലരക്കോടി രൂപ

വെള്ളി, 24 ഏപ്രില്‍ 2015 (10:49 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 4,53,25000 തുക അനുവദിച്ചു. വ്യാഴാഴ്ച നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ആകെ 17, 559 പരാതികളാണ് ലഭിച്ചത്.
 
കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി അനൂപ് ജേക്കബ്ബും ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരാതികള്‍ സ്വീകരിച്ചു. 
 
പരിപാടിക്കിടയില്‍ ജില്ലക്കായി മുഖ്യമന്ത്രി ഏ‍ഴ് പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രീകൃത സ്വീവേജ് പ്ലാന്റ്, മേഖലാ ക്യാന്‍സര്‍ സെന്ററിന്റെ ടെന്‍ഡര്‍ നടപടി, സിറ്റി ഗ്യാസ് പദ്ധതി, കനാലുകള്‍ വൃത്തിയാക്കി ഫ്ലോട്ടിങ് മാര്‍ക്കറ്റുകള്‍, ചരക്ക്‌ ഗതാഗതം സുഗമമാക്കുന്നതിന് ലോജിസ്റ്റിക് പാര്‍ക്ക്, ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക്‌ വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്നതിന് റൂറല്‍ ബി പി ഒ, പട്ടയ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം തുടങ്ങിയവയാണ് കരുതല്‍ 2015 ല്‍ എറണാകുളം ജില്ലക്കുള്ള പ്രഖ്യാപനങ്ങള്‍.
 
അടിയന്തിര പ്രാധാന്യത്തോടെ തന്നെ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വീവേജ് പ്ലാന്റിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി ചടങ്ങില്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക