ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ കോടതി നിർദേശം. അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് യുവതിയെ ബ്രെയ്ന്‍ മാപ്പിംഗിനും നുണപരിശോധനയ്ക്കും വിധേയയാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി അനുമതി നല്‍കിയത്. ഈ മാസം 22ന് യുവതി നേരിട്ടു കോടതിയിൽ ഹാജരാകണമെന്നും നിര്‍ദേശത്തിലുണ്ട്.
കേസിൽ പെൺകുട്ടി ഇടക്കിടക്ക് തന്റെ നിലപാടു മാറ്റുകയാണ്. അതിനാലാണ് നുണപരിശോധന നടത്തണമെന്ന പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചത്. അതേസമയം, യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗംഗേശാനന്ദയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അംഗീകരിക്കാതെ സ്വാമിയ്ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.
സ്വാമി ഗംഗേശാനന്ദ തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുമായി ലൈംഗികബന്ധമുണ്ടായിട്ടില്ലെന്നും വെളിപ്പെടുത്തുന്ന പെൺകുട്ടിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റം ചെയ്തത് താനാണ്. എന്നാല്‍ അത് മനപൂര്‍വമല്ലെന്നും പുറത്തുവന്ന് സംഭാഷണത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. എല്ലാം തന്റെ കാമുകന്‍ അയ്യപ്പദാസിന്റെ ഗൂഢാലോചനയുടെ ഫലമാണ് ഈ സംഭവമെന്നും ഗംഗേശാനന്ദയുടെ അഭിഭാഷകനോടായി യുവതി പറയുന്നുണ്ട്.