ചില മാധ്യമങ്ങള്‍ യുഡിഎഫിനു വേണ്ടി കാശുവാങ്ങുന്നു: പിണറായി

ശനി, 19 മാര്‍ച്ച് 2011 (11:32 IST)
PRO
ഇടതുപക്ഷ പ്രസ്ഥാനത്തെ ചെറുതാക്കാന്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ അമിതമായി താല്പര്യമെടുക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചില മാധ്യമങ്ങള്‍ യുഡിഎഫിനു വേണ്ടി കാശുവാങ്ങുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ഇ എം എസ് അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പു ഘട്ടത്തില്‍ തന്നെ കാശുകൊടുത്ത് വാര്‍ത്ത ഉണ്ടാക്കുകയാണ് യു ഡി എഫ്. യു ഡി എഫിന്റെ ഭാഗത്തുനിന്ന് കാശ് പറ്റിയ മാധ്യമങ്ങള്‍ ഇവിടെയുണ്ടായിരുന്നില്ലേ. ചില മാധ്യമങ്ങള്‍ പൂര്‍ണമായി ഒരു വിഭാഗത്തിന് എതിരാണ്. പല മാധ്യമങ്ങളെയും കാശുകൊടുത്ത് മൊത്തമായി സ്വാധീനിക്കുന്ന നിലയിലേക്ക് വന്നതായാണ് കാണാന്‍ കഴിയുന്നതെന്നും പിണറായി പറഞ്ഞു.

കാശ് സ്വീകരിച്ച് ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്‌ടിക്കാന്‍ വേണ്ടി മാധ്യമങ്ങള്‍ തയ്യാറെടുക്കുകയാണ്. ഇതിനെല്ലാം ഇരയാകുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഭയപ്പെടുന്ന ശക്തികള്‍ക്ക് ആണ് ഇത്തരം പ്രസ്താവനകള്‍ക്ക് മുന്‍കൈയെടുക്കുന്നത്.

പശ്ചിമബംഗാളില്‍ മമത ബാനര്‍ജി റെയില്‍വേ വകുപ്പിന്റെ പേരിലാണ് പെയ്‌ഡ് ന്യൂസ് നടത്തുന്നത്. റെയില്‍വേയുടെ പരസ്യം അവിടുത്തെ മാധ്യമങ്ങളെ സ്വാധീനിക്കുന്നതിനു വേണ്ടി ഉപയോഗിക്കുകയാണ്. ഇതിനായി, കേന്ദ്രര്‍ക്കാരിന്റെ പണം മമത ഉപയോഗിക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

മാവോയിസ്റ്റുകളുമായി തൃണമൂലിന്റെ കൂട്ടുകെട്ട് കോണ്‍ഗ്രസിനോ കേന്ദ്രസര്‍ക്കാരിനോ പ്രശ്നമല്ല. കാരണം, ബംഗാളില്‍ തൃണമൂല്‍ നേരിടുന്നത് സി പി എമ്മിനെയാണ്. സി പി ഐ എമ്മിനെ ദുര്‍ബലപ്പെടുത്തി അധികാരത്തില്‍ കയറാമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. തങ്ങളാണ് യഥാര്‍ഥ വിപ്ലവകാരികള്‍ എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ഇവരുടെ വാദങ്ങള്‍ വിജയിക്കില്ല. ഈ നാടിനു കൊള്ളാത്തവര്‍ എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് നേതാക്കളെയും ഈ പാര്‍ട്ടിയെയും തകര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞിട്ടില്ല, കാരണം ഇതിരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയാണ്.

ഇടതുമുന്നണിയെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. 2006ല്‍ അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞത് മാത്രം ചെയ്തല്ല അതില്‍ കൂടുതല്‍ ചെയ്താണ് എല്‍ ഡി എഫ് ജനങ്ങളെ സമീപിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ പ്രസംഗത്തില്‍ ഒരിക്കല്‍ പോലും വി എസിനെ പരാമര്‍ശിക്കാന്‍ പിണറായി തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക