ഗോവിന്ദച്ചാമി ഇനി ജീവിതകാലം മുഴുവന്‍ ജയിലില്‍ തന്നെയായിരിക്കും എന്നത് ഏതാണ്ട് ഉറപ്പാണ്. കാരണം സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് അനുസരിച്ച് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടയാള്‍ ജീവിതാവസാനം വരെ ജയിലില്‍ കിടക്കേണ്ടിവരും. കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് തടവില്‍ ഇളവിന് സൌകര്യമുണ്ടെങ്കിലും സൌമ്യ വധക്കേസ് പോലെ ക്രൂരമായ ഒരു സംഭവത്തിലെ പ്രതിക്ക് ഇളവ് നല്‍കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ തയ്യാറാകും എന്ന് കരുതേണ്ടതില്ല.
ഗോവിന്ദച്ചാമിയാണ് സൌമ്യയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ പോയതോടെയാണ് വധശിക്ഷയ്ക്ക് പകരം ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയായി കോടതി കുറച്ചത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിന് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് അതേരീതിയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തു. അതോടെയാണ് ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം തന്നെ എന്ന് ഉറപ്പിക്കാനായത്.
അതേസമയം, സുപ്രീംകോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്ന് സംസ്ഥാന നിയമമന്ത്രി എ കെ ബാലന്‍ അറിയിച്ചു. സൌമ്യയോട് ചെയ്തതുപോലെയുള്ള പ്രവര്‍ത്തി ചെയ്യുന്നവര്‍ സമൂഹത്തില്‍ ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്നും മന്ത്രി പറഞ്ഞു.