ഗണേഷ് പുറംകാലു കൊണ്ട് തൊഴിക്കുന്നു, ഇനി വജ്രായുധം : പിള്ള
വെള്ളി, 15 ഫെബ്രുവരി 2013 (18:10 IST)
PRO
ഗണേഷിനു സീറ്റുനല്‍കിയതും പണം ചെലവാക്കി എംഎല്‍എയാക്കിയതും പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞതനുസരിച്ചാണ് മന്ത്രിയാക്കിയത്. ഇരുപതു മാസമായി പാര്‍ട്ടിയെ പുറംകാല്‍കൊണ്ട് തൊഴിക്കുന്ന ഗണേഷിനെ ഇനി സഹിക്കാനാവില്ലെന്നും കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയില്ലെങ്കില്‍ വജ്രായുധമായ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്നു കേരളാകോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള.
കെ മുരളീധരനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെ മാറ്റണമെന്നു പറഞ്ഞത് പാര്‍ട്ടിയുടെ അവകാശമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലമാക്കേണ്ടന്നു കരുതിയാണ് എംഎല്‍എ സ്ഥാനത്തു നിന്നു പുറത്താക്കേണ്ടെന്ന് അവകാശപ്പെടാത്തത്.
ഇങ്ങനെയൊരാള്‍ മന്ത്രിസഭയില്‍ വേണമെന്നു പാര്‍ട്ടിയില്‍ ഒരാള്‍പോലും ആഗ്രഹിക്കുന്നില്ല. തന്നെ മന്ത്രിയാക്കിത് പാര്‍ട്ടിയല്ല മുഖ്യമന്ത്രിയാണെന്നു ഗണേഷ് പറഞ്ഞത് വിദ്യാഭ്യാസത്തിന്‍റെ കുറവുകൊണ്ടാണ്. മന്ത്രിയില്ലാത്ത പാര്‍ട്ടികള്‍ യുഡിഎഫില്‍ ഏറെയുണ്ട്. അത്തരമൊരു പാര്‍ട്ടിയായി മുന്നണിയില്‍ തുടരാന്‍ തയാറാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്‍റെ വില മനസിലാകില്ലെന്നു കെ മുരളീധരന്‍ പ്രതികരിച്ചു. തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.