ഗണേഷും സരിതയും തമ്മില്‍ അടുത്ത ബന്ധമുണ്ട്, സരിതയെക്കൊണ്ട് എനിക്കെതിരെ പറയിച്ചത് ഗണേഷ്; ആഞ്ഞടിച്ച് ഷിബു ബേബി ജോണ്‍

ചൊവ്വ, 14 ജൂണ്‍ 2016 (21:52 IST)
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായരുമായി കെ ബി ഗണേഷ്കുമാറിന് അടുത്ത ബന്ധമുണ്ടെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. സോളാര്‍ കമ്മീഷന് മുമ്പാകെ ഷിബു നല്‍കിയ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്.
 
സരിതയെക്കൊണ്ട് തനിക്കെതിരെ പറയിച്ചത് ഗണേഷാണെന്നും ഷിബു മൊഴി നല്‍കിയിട്ടുണ്ട്. ഗണേഷും യാമിനി തങ്കച്ചിയുമായുള്ള പ്രശ്നം തീര്‍ക്കാനുള്ള ചര്‍ച്ചയ്ക്കിടെ സരിതയും ഒരു വിഷയമായിരുന്നു. സരിത തനിക്കെതിരെ രംഗത്തുവരാന്‍ മറ്റൊരു കാരണവും കാണുന്നില്ല - ഷിബു നല്‍കിയ മൊഴിയില്‍ പറയുന്നു. 
 
ഗണേഷ്കുമാറിന്‍റെ ഗൂഢാലോചന വെളിപ്പെടുത്തുന്നത് കമ്മീഷനെ വിശ്വാസമുള്ളതുകൊണ്ടാണെന്നും ഷിബു ബേബി ജോണ്‍ മൊഴിയില്‍ വ്യക്തമാക്കി. 
 
സരിത എഴുതിയ കത്ത് ആദ്യം കിട്ടിയത് ഗണേഷിന്റെ പി എ പ്രദീപിനാണ്. സരിതയെ സഹായിക്കാന്‍ എല്ലാഘട്ടത്തിലും ഒപ്പമുണ്ടായിരുന്നതും പ്രദീപാണ് - കമ്മീഷന് നല്‍കിയ മൊഴിയില്‍ ഷിബു ബേബി ജോണ്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക