ക്ഷേത്രക്കുളത്തില്‍ യുവതി മരിച്ച നിലയില്‍

വെള്ളി, 21 ഒക്‌ടോബര്‍ 2011 (16:06 IST)
ക്ഷേത്രക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആഴ്ചവട്ടം സ്കൂളിനടുത്ത് ക്ഷേത്രക്കുളത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മാങ്കാവ്‌ കാളൂര്‍ റോഡില്‍ ശിവാജിബാബുവിന്റെ മകള്‍ ശില്‍പ്പ (18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ മകളെ കാണാനില്ലെന്ന്‌ ശിവാജിബാബു കസബ പൊലീസിന്‌ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശില്‍‌പയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു. കാളൂര്‍ റോഡില്‍ നായര്‍വീട്ടില്‍ ഉണ്ണികൃഷ്‌ണന്‍ (21) ആണ് ശില്‍‌പയുടെ ഭര്‍ത്താവ്. വ്യത്യസ്ത ജാതിയില്‍പെട്ട ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. വിവാഹ ശേഷം ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

ഉണ്ണികൃഷ്ണനെ കസബ പൊലീസ്‌ കസ്റ്റഡിയിലെടുത്തു‌. ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ്‌ അസിസ്റ്റന്റാണ്‌ ശില്‍പ്പ. മറ്റൊരു ആശുപത്രിയില്‍ ക്ലീനിംഗ്‌ ജോലിക്കാരനാണ്‌ ഉണ്ണികൃഷ്‌ണന്‍. ഇവരുടെ വിവാഹത്തിന് വീട്ടുകാരുടെ സമ്മതമില്ലായിരുന്നു.

വെബ്ദുനിയ വായിക്കുക