കോവളം കൊട്ടാരത്തിന്റെ സ്ഥലം രവി പിള്ളക്ക്; ഹൈക്കോടതിയെ സമീപിക്കുമെന്ന് വി എസ്
വെള്ളി, 24 മെയ് 2013 (20:21 IST)
PRO
PRO
കോവളം കൊട്ടാരത്തിന്റെ സ്ഥലം വ്യവസായി രവി പിള്ളക്ക് പോക്കുവരവ് ചെയ്ത് നല്‍കി. 16 ഹെക്ടര്‍ ഭൂമി രവി പിള്ളയുടെ ആര്‍പി ഗ്രൂപ്പിനാണ് പോക്കുവരവ് ചെയ്ത് നല്‍കിയത്. വിഴിഞ്ഞം വില്ലേജ് ഓഫീസ് നികുതി സ്വീകരിച്ച് പോക്കുവരവ് ചെയ്ത് നല്‍കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി.
ഇതേസമയം സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
നേരത്തെ കോവളം കൊട്ടാര ഭൂമി പോക്കുവരവ് നല്‍കുന്നതില്‍ തടസ്സമില്ലെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെഎജലീല്‍ നിയമോപദേശം നല്‍കിയിരുന്നു.
കൊട്ടാരവും വസ്തുക്കളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന വാദം ഹൈക്കോടതിയില്‍ സംസ്ഥാനം സ്വീകരിച്ചിരിക്കെയായിരുന്നു ഈ നിയമോപദേശം. ഏപ്രില്‍ 23നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിയമോപദേശം നല്‍കിയത്.
കോവളം കൊട്ടാരവും അനുബന്ധ വസ്തുവകകളും എന്ന നിര്‍വചനത്തില്‍ ഈ വസ്തു ഉള്‍പ്പെടുന്നില്ല. കൊട്ടാരത്തോട് അനുബന്ധിച്ച് നാലു ഹെക്ടര്‍ സ്ഥലം മാത്രമേ നിയമപരമായുള്ളു എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ഐറ്റിഡിസിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോവളം കൊട്ടാരവും വസ്തുവകകളും സ്വകാര്യ സ്ഥാപനത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതുമായി ബന്ധപ്പെട്ട് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശാരദാ മുരളീധരനെതിരെ വിജിലന്‍സ് കേസുണ്ടായിരുന്നു. ഈ കേസ് അടുത്തിടെ സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം നല്‍കിയതും അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഭൂമി രവി പിള്ളക്ക് പോക്ക് വരവ് ചെയ്ത് നല്‍കിയിരിക്കുന്നത്.