കോണ്‍ഗ്രസിലേക്ക് മടക്കം, തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുരളി
വെള്ളി, 31 ജൂലൈ 2009 (13:35 IST)
PRO
PRO
കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞെന്നും മുരളി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ സി പിയിലെ ശേഷിക്കുന്ന വിഭാഗത്തിന് കൂടി ഇടതുമുന്നണി പ്രവേശനം സുഗമമാക്കുനതിന് വേണ്ടികൂടിയാണ് താന്‍ എന്‍ സി പി വിടുന്നത്. കോണ്‍ഗ്രസില്‍ ചേരുന്നതിനായി ഇതുവരെ ഒരു നേതാക്കളെയും കണ്ടിട്ടില്ലെന്നും, താന്‍ മടങ്ങിയെത്തണമെന്ന് ആഗ്രഹിക്കുന്ന നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ടെന്നും മുരളി പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേരുന്നതിനായി ദേശീയ നേതൃത്വത്തെയായിരിക്കും താന്‍ സമീപിക്കുകയെന്നും മുരളി വ്യക്തമാക്കി. തന്നോടൊപ്പം എന്‍ സി പിയില്‍ എത്തിയവര്‍ക്കു വേണ്ടിയാണ് താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്. താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സംബന്ധിച്ച മുതിര്‍ന്ന നേതാക്കളുടെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ല. താന്‍ വരുന്നതിന് മുമ്പേ പ്രശ്നങ്ങള്‍ തുടങ്ങിയിരിക്കുന്നുവെന്ന് കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാനുളള ശ്രമമാണിത്.
അതേസമയം, കെ കരുണാകരന്‍ ഇന്നു നടത്തിയ ഡല്‍ഹി യാത്രയും, തന്‍റെ കോണ്‍ഗ്രസ് പ്രവേശനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് മുരളി പറഞ്ഞു. കരുണാകരന്‍ എന്‍ സി പി വിട്ട സമയത്തും താന്‍ എന്‍ സി പിയില്‍ ഉറച്ചു നിന്നിരുന്നു. ഇതു ശരിയാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും മുരളി വ്യക്തമാക്കി.